‘സച്ചിന്‍ പൈലറ്റിനെയും മിലിന്ദ് ദിയോറെയെയും പുറത്തേക്ക് വിടരുത്’; സുഷ്മിത ദേവ് ഷോക്കില്‍ യുവനേതാക്കളുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുന്‍ എംപിയും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായിരുന്ന സുഷ്മിത ദേവ് കഴിഞ്ഞ മാസം പാര്‍ട്ടി വിട്ട പശ്ചാത്തലത്തില്‍ യുവനേതാക്കളായ സച്ചിന്‍ പൈലറ്റുമായും മിലിന്ദ് ദിയോറയുമായും ചര്‍ച്ച നടത്തി കോണ്‍ഗ്രസ്. വിമതസ്വരമുയര്‍ത്തി ഒരു നേതാവും ഇനി പാര്‍ട്ടിക്ക് പുറത്ത് പോവാന്‍ ഇടയാവരുത് എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജസ്ഥാനില്‍ നിന്നുള്ള സച്ചിന്‍ പൈലറ്റിനെയും മഹാരാഷ്ട്രയില്‍ നിന്നുള്ള മിലിന്ദ് ദിയോറയെയും ദേശീയ നേതൃനിരയിലേക്ക് ഉയര്‍ത്താനാണ് പാര്‍ട്ടി ആലോചിക്കുന്നതെന്ന് ചര്‍ച്ചയില്‍ നേതാക്കള്‍ വിനിമയം ചെയ്തു. ആഗസ്ത് 16നാണ് സുഷ്മിത കോണ്‍ഗ്രസ് വിട്ടത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ത എന്ന നിലയക്ക് കൂടി അറിയപ്പെട്ടിരുന്ന സുഷ്മിത പാര്‍ട്ടി വിട്ടത് വലിയ ഞെട്ടലാണ് കോണ്‍ഗ്രസിന് സമ്മാനിച്ചത്. പല നേതാക്കളും അത് തുറന്ന് പറയുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ മുന്നോട്ട് വെച്ചിരുന്ന യുവനേതാക്കളെ പെട്ടെന്ന് തന്നെ കാണാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

മിലിന്ദ് ദിയോറയെ രാഹുല്‍ ഗാന്ധി തന്നെ സന്ദര്‍ശിച്ചിരുന്നു. താന്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ വിശ്വസ്തനാണെന്നും പാര്‍ട്ടി വിടാന്‍ ആലോചിക്കുന്നില്ലെന്നും മിലിന്ദ് വ്യക്തമാക്കിയതായാണ് വിവരം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ മിലിന്ദിനെ ഉള്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇപ്പോള്‍ മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഒതുക്കിനിര്‍ത്തപ്പെട്ടിരിക്കുന്ന മിലിന്ദിന്റെ തിരിച്ചുവരവായിരിക്കും നടക്കുക.

രണ്ട് തവണ എംപിയായിട്ടുള്ള മിലിന്ദ് രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. ജി 23 ഗ്രൂപ്പില്‍ അംഗമായ മിലിന്ദ് കോണ്‍ഗ്രസിന് മുഴുവന്‍ സമയ ദേശീയ അധ്യക്ഷന്‍ വേണമെന്ന ആവശ്യമുയര്‍ത്തിയിരുന്നു.

സച്ചിന്‍ പൈലറ്റിന് എ.ഐ.സി.സിയില്‍ പ്രധാന സ്ഥാനം നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി സച്ചിന്‍ പൈലറ്റ് നടത്തുന്ന ഉള്‍പ്പാര്‍ട്ടി പോര് അവസാനിപ്പിക്കുന്നതിനുള്ള ശ്രമമാണിത്. ഗെലോട്ട് മന്ത്രിസഭയില്‍ നാല് സച്ചിന്‍ പൈലറ്റ് അനുകൂലികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അത് താല്‍ക്കാലിക നടപടിയായി കാണുന്ന ദേശീയ നേതൃത്വം പൈലറ്റിനെ ഡല്‍ഹി രാഷ്ട്രീയത്തിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.

2014ല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായത് മുതല്‍ സംസ്ഥാനത്ത് സച്ചിന്‍ പൈലറ്റ് തന്റെ സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്. ആ സ്വാധീനപ്രദേശങ്ങള്‍ കയ്യൊഴിഞ്ഞ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലേക്ക് വണ്ടി കയറുമോ എന്ന സംശയം പല കോണ്‍ഗ്രസ് നേതാക്കളും മുന്നോട്ട് വെക്കുന്നു. രാജസ്ഥാന്‍ രാഷ്ട്രീയം തന്നെയാണ് തനിക്ക് ഇഷ്ടമെന്ന് സച്ചിന്‍ പൈലറ്റ് തന്നെ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതില്‍ മാറ്റം വരുമോ എന്നാണ് ഇനിയറിയേണ്ടത്.