‘അതിന് ഞാന്‍ മരിക്കണം’; ജിതിന്‍ പ്രസാദയ്ക്ക് പിന്നാലെ ബിജെപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചതിന് സേഷം ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയതില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. വ്യക്തിഗത നേട്ടം മാത്രം നോക്കി രാഷ്ട്രീയതതില്‍ പ്രവര്‍ത്തിക്കുന്നവരുടെ സ്ഥിരം പ്രവണതയാണ് ഇതെന്ന് അദ്ദേഹം ആഞ്ഞടിച്ചു. പ്രസാദ പാര്‍ട്ടിവിട്ടതുപോലെ കപില്‍ സിബലും ബിജെപി പാളയത്തിലെത്തുമെന്ന പ്രചാരണങ്ങള്‍ തീര്‍ത്തും തള്ളിയ അദ്ദേഹം, ബിജെപിയില്‍ ചേരണമെങ്കില്‍ താന്‍ മരിക്കണമെന്നും തുറന്നടിച്ചു.

‘പാര്‍ട്ടി എന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്നതിലൊന്നും പ്രതികരിക്കാന്‍ ഞാനില്ല. പ്രത്യയശാസ്ത്രത്തിലൂന്നിയല്ലാത്ത ഇത്തരം തീരുമാനങ്ങള്‍ എളുപ്പത്തിലെടുക്കാവുന്ന അവസ്ഥയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം എത്തിപ്പെട്ടിരിക്കുന്നത്. അവരുടെ അടിത്തറ ഇപ്പോ്# ‘പ്രസാദ റാം രാഷ്ട്രീയമാണ്’ എന്ന് ഞാന്‍ പറയും. നേരത്തെ അത് ‘ആയാ റാം ഗയാ റാം’ ആയിരുന്നു. ഇത് പശ്ചിമബംഗാളില്‍ വ്യാപകമായി നമ്മള്‍ കണ്ടുകഴിഞ്ഞതേയുള്ളു. പെട്ടെന്നൊരു ദിവസം ആളുകള്‍ക്ക് തോന്നുകയാണ് ബിജെപി അതാ ജയിക്കാന്‍ പോവുന്നു എന്ന്. പ്രത്യയ ശാസ്ത്രത്തോടുള്ള അഭിനിവേശത്തോടെയല്ല മറിച്ച്, എനിക്ക് എന്ത് കിട്ടും എന്ന ചിന്തയാണ് തെരഞ്ഞെടുപ്പില്‍ നിങ്ങളെ നയിക്കുന്നതെങ്കിലാണ് ഈ ചിന്ത വരിക. അതുതന്നെയാണ് മധ്യപ്രദേശിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമുണ്ടായത്’, കപില്‍ സിബല്‍ പറഞ്ഞു.

പൊള്ളയായ രാഷ്ട്രീയം എന്നാണ് കപില്‍ സിബല്‍ ഇതിനെ വിശേഷിപ്പിച്ചത്.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണ് ബിജെപി ആസ്ഥാനത്തെത്തി ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്. മുന്‍കേന്ദ്രമന്ത്രിയും യുപിയിലെ മുതിര്‍ന്ന നേതാവുമായിരുന്ന ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പടിയിറക്കം കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നും ആളുകളെ കേള്‍ക്കാന്‍ തയ്യാറാവണമെന്നും സിബല്‍ ആവര്‍ത്തിച്ചു. ജിതിന്‍ പ്രസാദയെപ്പോലുള്ള ആളുകള്‍ ബിജെപിയില്‍ ചേരുന്ന സാഹചര്യം വിശദീകരണം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തയച്ച 23 തിരുത്തല്‍ വാദികളില്‍ ഒരാളായിരുന്നു ജിതിന്‍ പ്രസാദ.

Also Read: ‘ജിതിന്‍ പ്രസാദയ്ക്ക് ഞങ്ങള്‍ ബഹുമാനം നല്‍കി, അവഗണിച്ചിട്ടേയില്ല, എപ്പോഴും മത്സരിക്കാനവസരം നല്‍കി, എന്നിട്ടും കോണ്‍ഗ്രസിനെ കുറ്റം പറയുന്നു’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

‘പ്രശ്‌നങ്ങള്‍ ഉയരവെ, ഒരാള്‍ക്ക് തനിക്കൊന്നും ലഭിക്കുന്നില്ലെന്ന തോന്നലാണ് ഉണ്ടാവുന്നതെങ്കില്‍ അയാള്‍ പോവുകതന്നെ ചെയ്യും. ജിതിന് പാര്‍ട്ടി വിടാന്‍ ഇതിലും നല്ല കാരണങ്ങള്‍ കണ്ടെത്താമായിരുന്നു. പാര്‍ട്ടി വിട്ടതില്‍ ഞാന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയല്ല. ബിജെപിയില്‍ ചേരാനുണ്ടായ സാഹചര്യത്തെയാണ് ഞാന്‍ കുറ്റപ്പെടുത്തുന്നത്. മൂന്ന് ദശാബ്ദത്തോളം എതിര്‍ത്തിരുന്ന പ്രത്യയശാസ്ത്രമാണ് ഏറ്റവും ഉചിതമെന്ന് അയാള്‍ക്ക് എങ്ങനെയാണ് പറയാന്‍ കഴിയുന്നത്? ഇത്തരം ആളുകള്‍ കാരണമാണ് ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നത്’, സിബല്‍ രൂക്ഷമായി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് സംഭവിച്ച പരാജയത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മറുപടിയിങ്ങനെ; ‘പ്രശ്‌നങ്ങള്‍ തപരിഹരിക്കാന്‍ ശ്രമച്ചില്ല എന്നത് ശരിതന്നെയാണ്. അവ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ആ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ഉന്നയിക്കും. പാര്‍ട്ടി എന്നോട് നിങ്ങളെ ഞങ്ങള്‍ക്കിന് ആവശ്യമില്ല എന്ന് പറയുകയാണെങ്കില്‍ ഞാന്‍ പാര്‍ട്ടി വിടും. ഞാനായിട്ട് പോവില്ല. എന്റെ ശരീരത്തില്‍നിന്നും ജീവന്റെ അവസാന കണിക അപ്രത്യക്ഷമാവുന്നതുവരെ ഞാന്‍ ബിജെപിയില്‍ ചേരില്ല. ഒരു രാഷ്ട്രീയക്കാരനായുള്ള എന്റെ പിറവി മുതല്‍ ഞാന്‍ എതിര്‍ത്ത പ്രത്യയ ശാസ്ത്രമാണത്. അതുതന്നെയാണ് എനിക്ക് ജിതിന്‍ പ്രസാദയോടുള്ള വിയോജിപ്പും’.