‘പുതിയ തീരം സൃഷ്ടിക്കുകയാണ് വഴി’; ചെല്ലാനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കണമെന്ന് ഹൈബി ഈഡന്‍ എംപി

എല്ലാ വര്‍ഷവും നടത്തേണ്ട അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ചെല്ലാനം തീരദേശവാസികളുടെ ദുരിതത്തിന് കാരണമെന്ന് എറണാകുളം എംപി ഹൈബി ഈഡന്‍. ചെല്ലാനത്തിന് പുലി മുട്ടുകളും സംരക്ഷണ ഭിത്തിയും വേണം എന്നതാണ് പൊതുവായ ആവശ്യം. അത് ശരിയുമാണ്. എന്നാല്‍ അതുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി അവസാനിക്കണമെന്നില്ല. ആനുവല്‍ മെയ്ന്റിനനന്‍സ് കൃത്യമായി നടക്കാത്തതാണ് ഇപ്പോഴത്തെ രൂക്ഷമായ അവസ്ഥയ്ക്ക് കാരണം പൊളിഞ്ഞ കടല്‍ ഭിത്തികള്‍ പുനസ്ഥാപിക്കണം. ജിയോ ട്യൂബ് നിര്‍മ്മാണം പരാജയപ്പെട്ടിരുന്നെന്നും എം പി ചൂണ്ടിക്കാട്ടി.

ശാശ്വത പരിഹാരത്തിനെ കുറിച്ച് ചിന്തിക്കണം. പുതിയ തീരം സൃഷ്ടിക്കുക എന്നതാണ് ഒരു വഴി. കപ്പല്‍ ചാലുകള്‍ക്കായി ഡ്രെഡ്ജ് ചെയ്ത് നീക്കം ചെയ്യുന്ന ചെളി കൊണ്ട് പുതിയ തീരം സൃഷ്ടിക്കുകയും, കണ്ടല്‍ ചെടികള്‍ വച്ച് പിടിപ്പിക്കുകയും ചെയ്യുന്നത് കടല്‍ ക്ഷോഭത്തെ തടുക്കാന്‍ ആകുമെന്ന ഒരു പഠനം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ഹൈബി ഈഡന്‍

ഇത് സംബന്ധിച്ച് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍ പേഴ്സണ്‍ ഡോ. ബീനയുമായി സംസാരിച്ചിട്ടുമുണ്ട്. മദ്രാസ് ഐഐടി വിഷയത്തില്‍ നടത്തിയ പഠനവും ഉണ്ട്. ഇത് ചര്‍ച്ചയിലാണ്. ഇതിനെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവും വേണം. ആദ്യം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്, ചെല്ലാനത്തെ പ്രശ്‌ന പരിഹാരത്തിന് വേണ്ടി മാത്രം വകുപ്പ് മന്ത്രിമാര്‍, സ്ഥലം എംപി, എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ്, അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം എന്നതാണ്. ചെല്ലാനത്തേക്ക് പോകുമ്പോള്‍ യാത്ര മധ്യേ പെണ്‍കുട്ടികള്‍ ചാക്കില്‍ മണ്ണ് നിറച്ച്, ഒഴുകി വരുന്ന വെള്ളം തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നത് ഏറെ വേദനയോടെ കാണേണ്ടി വന്നെന്നും എറണാകുളം എംപി പറഞ്ഞു.

കൗട്ടേ ചുഴലിക്കാറ്റ് ശക്തമായതോടെ ചെല്ലാനത്ത് കടല്‍കയറ്റം രൂക്ഷമായിരുന്നു. കടല്‍ കയറ്റത്തേത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണ് ചെല്ലാനത്ത് കഴിഞ്ഞദിവസം ഒരാള്‍ മരിച്ചു. 50ലേറെ വീടുകളില്‍ വെള്ളം കയറി. പലരും ദുരിതാശ്വാസ ക്യാംപിലേക്ക് താമസം മാറ്റി. ചെല്ലാനം പ്രദേശത്ത് നാല് ദുരിതാശ്വാസക്യാംപുകള്‍ തുറന്നിട്ടുണ്ടെങ്കിലും കൊവിഡ് ഭീതിയില്‍ ചിലര്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. വ്യാഴാഴ്ച്ച മുതലാണ് ചെല്ലാനത്ത് കടല്‍കയറ്റം രൂക്ഷമായത്. കടല്‍ഭിത്തി തകര്‍ന്നുകിടക്കുകയായിരുന്ന ചെല്ലാനം ബസാര്‍, കമ്പനിപ്പടി, മാലാഖപ്പടി, കണ്ണമാലി തുടങ്ങിയ സ്ഥലങ്ങളെയാണ് കടലാക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഗേറ്റുകളും മതിലുകളും തകര്‍ന്നു. പല വീടുകളിലേയും ഗൃഹോപകരണങ്ങള്‍ നഷ്ടമായി. റോഡുകളില്‍ വെള്ളം കയറിയത് ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. കടല്‍കയറ്റത്തിന് പരിഹാരമായി ജിയോ ട്യൂബ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ചെല്ലാനം തീരദേശവാസികള്‍ സമരം ആരംഭിച്ചിട്ട് 564 ദിവസമായി.

ഹൈബിയുടെ പ്രതികരണം

നിരന്തരമായി ഫേസ്ബുകിലും ഫോണ്‍ വഴിയും ചെല്ലാനത്തെകുറിച്ച് ആശങ്കയറിയിക്കുന്ന ഒട്ടനവധി സുഹൃത്തുക്കളുണ്ട്. അവര്‍ക്കായ് എഴുതുന്നു. ഞാന്‍ ചെല്ലാനത്തെ ജനപ്രതിനിധി ആയിട്ട് 2 വര്‍ഷമാകുന്നു. അതില്‍ ഒന്നര വര്‍ഷക്കാലവും കോവിഡ് കാലം. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുമായി നിരവധി തവണ ചെല്ലാനത്തെ കടല്‍ ഭിത്തിയും പുലിമുട്ടും സംബന്ധിച്ച് ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിലും ഈ വിഷയം പല തവണ ഉന്നയിച്ചിട്ടുണ്ട്.

എന്താണ് ചെല്ലാനത്തെ യഥാര്‍ത്ഥ പ്രശ്‌നം? എംപി ആയ സമയം മുതല്‍ അതിനേകുറിച്ച് വിശദമായി പഠിച്ചു. ചെല്ലാനത്തിന് പുലി മുട്ടുകളും സംരക്ഷണ ഭിത്തിയും വേണം എന്നതാണ് പൊതുവായ ആവശ്യം. അത് ശരിയുമാണ്. എന്നാല്‍ അത് കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി അവസാനിക്കണം എന്നുമില്ല. ആനുവല്‍ മെയ്ന്റിനനന്‍സ് കൃത്യമായി നടക്കാത്തതാണ് ഇപ്പോഴത്തെ രൂക്ഷമായ അവസ്ഥ. പൊളിഞ്ഞ കടല്‍ ഭിത്തികള്‍ പുനസ്ഥാപിക്കണം. ജിയോ ട്യൂബ് നിര്‍മ്മാണം പരാജയപ്പെട്ടിരുന്നു.

സംസ്ഥാന ഇറിഗേഷന്‍ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും കീഴിലാണ് ഈ വിഷയം വരിക. കഴിഞ്ഞ നാളുകളില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. കിഫ്ബിയില്‍ നിന്നും തുക അനുവദിച്ചിട്ട് കരാറുകാര്‍ ഏറ്റ് എടുക്കാത്തത് മൂലം പ്രതിസന്ധിയിലായ പ്രവര്‍ത്തനങ്ങളും ചെല്ലാനത്തുണ്ട്. അതിന്റെ പ്രശ്നങ്ങള്‍ പഠിച്ച് അനുവദിച്ച പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടപ്പിലാക്കുവാന്‍ പരിശ്രമിക്കണം. ഒന്നായ പരിശ്രമം കൊണ്ട് മാത്രമേ അത് സാധിക്കൂ. ഞാന്‍ കൊച്ചി എംഎല്‍എ കെ ജെ മാക്‌സിയുമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുന്നുണ്ട്.രാഷ്ട്രീയത്തിനതീതമായി ചെല്ലാനത്തുകാര്‍ ക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്.

ഇനി ശാശ്വത പരിഹാരത്തിനെ കുറിച്ച് ചിന്തിക്കണം. പുതിയ തീരം സൃഷ്ടിക്കുക എന്നതാണ് ഒരു വഴി. കപ്പല്‍ ചാലുകള്‍ക്കായി ഡ്രെഡ്ജ് ചെയ്ത് നീക്കം ചെയ്യുന്ന ചെളി കൊണ്ട് പുതിയ തീരം സൃഷ്ടിക്കുകയും, കണ്ടല്‍ ചെടികള്‍ വച്ച് പിടിപ്പിക്കുകയും ചെയ്യുന്നത് കടല്‍ ക്ഷോഭത്തെ തടുക്കാന്‍ ആകുമെന്ന ഒരു പഠനം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍ പേഴ്സണ്‍ ഡോ. ബീനയുമായി സംസാരിച്ചിട്ടുമുണ്ട്. മദ്രാസ് ഐഐടി വിഷയത്തില്‍ നടത്തിയ പഠനവും ഉണ്ട്. ഇത് ചര്‍ച്ചയിലാണ്. ഇതിനെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവും വേണം. ആദ്യം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്, ചെല്ലാനത്തെ പ്രശ്‌ന പരിഹാരത്തിന് വേണ്ടി മാത്രം വകുപ്പ് മന്ത്രിമാര്‍, സ്ഥലം എംപി, എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ്, അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം എന്നതാണ്.

മികച്ച ഏത് മാതൃകയും നമുക്ക് സ്വീകരിക്കാം. കൊടിയുടെ നിറം നോക്കാതെ ഈ വിഷയത്തില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഞാനും, എന്റെ പ്രസ്ഥാനവും സഹകരിക്കും. ഇന്ന് ഞാന്‍ ചെല്ലാനത്തേക്ക് പോകുമ്പോള്‍ യാത്ര മധ്യേ പെണ്‍കുട്ടികള്‍ ചാക്കില്‍ മണ്ണ് നിറച്ച്, ഒഴുകി വരുന്ന വെള്ളം തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നത് ഏറെ വേദനയോടെ കാണേണ്ടി വന്നു. അവരുടെ ദുഖങ്ങളില്‍ ഞാനുണ്ടാകും കൂടെ. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് ഭക്ഷണം എത്തിക്കുന്നുണ്ട്, മരുന്ന് ആവശ്യമുള്ളവര്‍ക്ക് എന്റെ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്നും മരുന്നുകള്‍ എത്തിക്കുന്നുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

കഴിഞ്ഞ 2 വര്‍ഷക്കാലത്തിനുള്ളില്‍ ‘തണല്‍’ ഭവന പദ്ധതിയിലൂടെ 11 വീടുകളാണ് ചെല്ലാനത്ത് മാത്രം നിര്‍മ്മിച്ച് കൈമാറിയത്. ഈ പ്രതിസന്ധിയിലും അവര്‍ക്കിടയില്‍ തന്നെ ഞാനുണ്ടാകും.