ജഡ്ജിക്കെതിരായ വിവാദ പരാമര്‍ശം, കെ സുധാകരനെതിരെ നടപടിക്ക് അനുമതി; തന്നെ ശിക്ഷിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് എംപി

കൊച്ചി: ഹൈക്കോടതിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ കെ സുധാകരന്‍ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസിന്റെ പശ്ചാത്തലത്തില്‍ സുധാകരന്‍ കോടതിയെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശങ്ങളിലാണ് നടപടി.

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെയായിരുന്നു സുധാകരന്റെ പരാമര്‍ശം. വിധി പ്രസ്താവം നടത്തിയ ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടോ എന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.

പരാമര്‍ശം വിവാദമായതിന് പിന്നാലെ ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായി പരാതി സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്‍കിയത്.

എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യമായി ഒന്നുമില്ലെന്നാണ് സുധാകരന്റെ പ്രതികരണം. തന്നെ ശിക്ഷിക്കാന്‍ കോടതിക്ക് കഴിയില്ല. പരാമര്‍ശത്തിലെവിടെയും തെറ്റില്ല. അതുകൊണ്ട് തിരുത്ത് ആവശ്യമില്ലെന്നുമാണ് തനിക്കെതിരെയുള്ള നടപടിക്കുള്ള അനുമതി ലഭിച്ച ശേഷം സുധാകരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.

പറയാന്‍ പറ്റാത്ത വാക്കുകളൊന്നും താന്‍ പറഞ്ഞിട്ടില്ല. മ്ലേച്ഛം എന്നാണ് പറഞ്ഞത്. ശിക്ഷിക്കാന്‍ വകുപ്പില്ലെന്നാണ് വിശ്വാസം. പറഞ്ഞത് വിധിയെ ആണ്. ജഡ്ജിയെ അല്ല. എല്ലാ നിയമ തത്വങ്ങളുടെയും ആത്മാവിടെ ഞെക്കി കൊല്ലുന്നതായിരുന്നു ആ വിധി. അത്തരം സമീപനം ജഡ്ജിമാര്‍ക്ക് ഉചിതമല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.