ഏഷ്യാനെറ്റിന്റെ കുത്തക തകര്‍ന്നു, കൗണ്ടിങ് ഡേ പിടിച്ചത് 24 ന്യൂസ്; മാതൃഭൂമിയെ പിന്നിലാക്കി മീഡിയ വണ്‍

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങളുടെ സ്വീകാര്യതയും ചര്‍ച്ചയാവുകയാണ്. കാലങ്ങളായി തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങിലും അവതരണത്തിലും ഏഷ്യാനെറ്റ് ന്യൂസിനുണ്ടായിരുന്ന അപ്രമാദിത്വം തകര്‍ന്നടിയുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ യൂട്യൂബ് ട്രെന്‍ഡുകളില്‍നിന്നും വ്യക്തമായത്. സ്ഥാപിതമായി രണ്ടുവര്‍ഷം മാത്രം പിന്നിട്ട 24 ന്യൂസാണ് വോട്ടെണ്ണല്‍ അവതരണത്തില്‍ മേല്‍ക്കൈ നേടിയത്.

ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ മൂന്ന് ലക്ഷം പേര്‍ 24 ന്യൂസിന്റെ ലൈവായി കണ്ടു.. ശ്രീകണ്ഠന്‍ നായരും ഡോ അരുണ്‍ കുമാറും എസ് വിജയകുമാറും ചേര്‍ന്നാണ് തല്‍സമയ അവതരണം നടത്തിയത്. ഇവരുടെ അവതരണത്തെക്കുറിച്ചുള്ള ട്രോളുകളും തമാശകളും കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടംപിടിച്ചിരുന്നു.

24 ന്യൂസ്

ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രാവിലെ 8.50ന് ഒരു ലക്ഷത്തിലധികം പ്രേക്ഷകരാണ് ഏഷ്യാനെറ്റിന്റെ യൂട്യൂബ് പേജിലെത്തിയത്. സമഗ്രമായ അവതരണം അവകാശപ്പെട്ടുള്ള ഏഷ്യാനെറ്റില്‍ വിനു വി ജോണ്‍, സിന്ധു സൂര്യകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യമണിക്കൂറിലെ അവതരണം നയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ്

തൊണ്ണൂറായിരത്തിലധികം പ്രേക്ഷകരുമായി തൊട്ടുപിന്നില്‍ മനോരമ ന്യൂസുണ്ട്. പ്രമോദ് രാമനും ഷാനി പ്രഭാകറുമാണ് പ്രധാന അവതാരകര്‍.

മനോരമ ന്യൂസ്

വലിയ മാധ്യമപാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമിയെ ഏറെ പിന്നിലാക്കി മീഡിയാ വണ്ണും രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്. അഭിലാഷ് മോഹനും എസ്എ അജിംസും നിഷാദ് റാവുത്തറും ചേര്‍ന്ന് അവതരിപ്പിക്കുന്ന ആദ്യ ഫലസൂചകള്‍ 64,000ല്‍ അധികം പ്രേക്ഷകരാണ് തല്‍സമയം കണ്ടത്. പതിനയ്യായിരം ആളുകള്‍ മാത്രമാണ് മാതൃഭൂമി ന്യൂസിലൂടെ വോട്ടെണ്ണല്‍ കാണുന്നത്. ഹഷ്മി താജ് ഇബ്രാഹിമാണ് അവതരണ രംഗത്തുള്ളത്.