കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ് പ്രതികളെ വെറുതേവിട്ടു; തടിയന്റവിട നസീറിന്റെയടക്കം ശിക്ഷ റദ്ദാക്കി ഹൈക്കോടതി

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിൽ പ്രതികളെ വെറുതേവിട്ടു. ഒന്നാം പ്രതി തടിയന്റവിട നസീറിനെയും കൂട്ടുപ്രതി ഷഫാസിനെയുമാണ് ഹൈക്കോടതി വെറുതെവിട്ടത്. എൻഐഎ കോടതി വിധിച്ച നസീറിന്റെ മൂന്ന് ജീവപര്യന്തവും ഷഫാസിന്റെ ഇരട്ട ജീവപര്യന്തവും ഹൈക്കോടതി റദ്ദാക്കി. പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. കേരളത്തിൽ എൻഐഎ അന്വേഷിക്കുകയും ശിക്ഷ വിധിക്കുകയും ചെയ്‌ത ആദ്യ തീവ്രവാദക്കേസായിരുന്നു ഇത്.

ബോംബ് നിർമാണം മുതൽ സ്ഫോടനം വരെ നേരിട്ട് പങ്കുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് 2011 ആഗസ്റ്റിൽ എൻഐഎ കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്. തങ്ങൾ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള ചാർജുകൾ നിലനിൽക്കില്ലെന്നും ജീവപര്യന്തം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നസീറും നാലാം പ്രതി ഷഫാസുമാണ് കോടതിയെ സമീപിച്ചത്. ഇത് ഹൈക്കോടതി മുഖവിലക്കെടുക്കുകയായിരുന്നു.

കേസിൽ മാപ്പ് സാക്ഷിയായി മാറിയ ഏഴാം പ്രതി ഷമ്മി ഫിറോസിൻ്റെ മൊഴിയും ടെലിഫോൺ രേഖകളുമാണ് എൻഐഎ തെളിവായെടുത്തിരുന്നത്. നസീർ അടക്കുള്ളവർ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നാണ് ഫിറോസിൻ്റെ മൊഴി. ഫിറോസിന്റെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ സമർപ്പിക്കാൻ എൻഐഎക്ക് കഴിഞ്ഞിരുന്നില്ല. കുറ്റസമ്മത മൊഴികൾക്കപ്പുറം നിഷ്‌പക്ഷ തെളിവുകൾ കണ്ടെത്തുന്നതിൽ എൻഐഎ പരാജയപ്പെട്ടുവെന്നും ഹൈക്കോടതി വിമർശിച്ചു.

മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്‌ത്‌ എൻഐഎ സമർപ്പിച്ച അപ്പീലും കോടതി തള്ളി. ആകെ ഒൻപത് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇതിൽ രണ്ടു പ്രതികളെ പിടികൂടാനായിരുന്നില്ല. ഒരാൾ മരണപ്പെടുകയും ചെയ്‌തു.

2006 മാർച്ച് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് മൊഫിയൂസിൽ ബസ്റ്റാന്റിലാണ് ഇരട്ട സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. മാറാട് കലാപത്തിലെ പ്രതികൾക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ചാണ് സ്ഫോടനം നടത്തിയത് എന്നായിരുന്നു പോലീസ് വാദിച്ചിരുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് 2009ലാണ് എൻഐഎ ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമായിരുന്നു എൻഐഎ കേസ് ഏറ്റെടുത്തത്.

വിചാരണക്കെതിരെ എൻഐഎ സുപ്രീം കോടതിയിൽ പോകുമെന്നാണ് സൂചന.