മഹാരാഷ്ട്രയില്‍ ദുരിതം വിതച്ച കൊവിഡ് വകഭേദം കേരളത്തിലും; കണ്ടെത്തിയത് 10 ജില്ലകളില്‍, വ്യാപനം ഒരു മാസത്തിനിടെ

തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് കേരളത്തില്‍ പത്ത് ജില്ലകളിലെന്ന് കണ്ടെത്തല്‍. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ ഇന്ത്യന്‍ വേരിയന്റ് ബി വണ്‍ 617 ആണ് കണ്ടെത്തിയത്. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണിത്.

കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപനമുണ്ടായിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ പഠനത്തിലാണ് കണ്ടെത്തല്‍. മഹാരാഷ്ട്രയില്‍ ദുരിതം വിതച്ച വൈറസ് വകഭേദമാണിത്.

കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വൈസ്് സാന്നിധ്യം ഏറ്റവും കൂടുതലുള്ളത്. മലപ്പുറം, കാസര്‍കോട്, എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം, വയനാട് ജില്ലകളിലും ഈ വൈറസ് വ്യതിയാനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനസാന്ദ്രത കൂടുതലുള്ള കേരളത്തില്‍ ഈ വകഭേദം സംഭവിച്ച വൈറസിന്റെ വ്യാപനം ഗുരുതര സാഹചര്യമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വൈറസിന്റെ യുകെ വകഭേദവും സൗത്ത് ആഫ്രിക്കന്‍ വകഭേദവും സംസ്ഥാനത്തുണ്ട്. കണ്ണൂരിലാണ് യുകെ വകഭേദം കൂടുതലായുള്ളത്. സൗത്ത് ആഫ്രിക്കന്‍ വകഭേദം പാലക്കാടും.