സംസ്‌കാരങ്ങളുടെ എണ്ണത്തില്‍ വര്‍ധന; തിരുവനന്തപുരത്തും പാലക്കാട്ടും ശ്മശാനങ്ങളില്‍ തിരക്ക്; കൊവിഡ് മരണങ്ങള്‍ക്കായി പരിമിതപ്പെടുത്തേണ്ടി വരുമെന്ന് വികെ പ്രശാന്ത് എംഎല്‍എ

കൊവിഡ് മരണങ്ങള്‍ കൂടിയതോടെ ശ്മശാനങ്ങളില്‍ തിരക്ക്. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ നാളെ വൈകുന്നേരം നാല് മണി വരെയുള്ള സംസ്‌കാരത്തിന് ബുക്കിങ്ങായി. ഒരു ദിവസം 24 മൃതദേഹങ്ങളാണ് ശാന്തികവാടത്തില്‍ സംസ്‌കരിക്കുന്നത്. ഒരേ സമയം അഞ്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യമാണ് ശാന്തി കവാടത്തിലുള്ളത്. രണ്ടര മണിക്കൂറാണ് ഒരു മൃതദേഹം എരിയാന്‍ വേണ്ട സമയം. ശരീരം ദഹിപ്പിച്ച് ഭൗതിക അവശിഷ്ടങ്ങള്‍ നീക്കിയ ശേഷമാണ് അടുത്ത മൃതദേഹം ദഹിപ്പിക്കുക.

ശാന്തികവാടത്തില്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരും. കൊവിഡ് മരണങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചനയിലുണ്ട്.

വി കെ പ്രശാന്ത് എംഎല്‍എ

ശാന്തികവാടത്തിലെ മൂന്ന് ഫര്‍ണസുകളില്‍ രണ്ടെണ്ണം ഇലക്ട്രിക് സംവിധാനവും ഒരെണ്ണം ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമാണ്. ഗ്യാസ് സംവിധാന പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഇത് കൂടാതെ പരമ്പരാഗത രീതിയിലുള്ള രണ്ട് വിറക് ചിതകള്‍ക്കുള്ള സൗകര്യവും ശാന്തികവാടത്തിലുണ്ട്. തിരുവനന്തപുരം നഗരത്തിലെ ഏക പൊതുശ്മശാനമാണ് തൈക്കാട് ശാന്തികവാടം. കര്‍ക്കടക മാസങ്ങളിലുള്‍പ്പെടെ മുന്‍പും തൈക്കാട് ശ്മശാനത്തില്‍ തിരക്കുണ്ടായിട്ടുണ്ട്. നഗരത്തില്‍ വിവിധ സമുദായങ്ങളുടെ ശ്മശാനമുണ്ട്. നെയ്യാറ്റിന്‍കര, നെടുമങ്ങാട് നഗരസഭകളിലും പൊതുശ്മശാനമുണ്ട്. കഴക്കൂട്ടത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ശ്മശാനം എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ സംസ്‌കാരങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. വൈദ്യുതി ശ്മശാനത്തില്‍ ദിവസേന പത്ത് മൃതദേഹം എത്തുന്നുണ്ട്. കൊവിഡ് മരണകാരണമല്ലാത്ത മൃതദേഹങ്ങള്‍ ഒഴിവാക്കേണ്ടി വരുമെന്ന് അധികൃതര്‍ പ്രതികരിച്ചു. കോഴിക്കോട്, കോഴിക്കോട് വെസ്റ്റ് ഹില്‍, തൃശൂര്‍ ലാലൂര്‍ ശ്മശാനങ്ങളില്‍ നിലവില്‍ ആശങ്കപ്പെടുത്തുന്ന വിധത്തിലുള്ള തിരക്കില്ല.