ആദ്യം മറച്ചുപിടിച്ചു, പിന്നീട് കൂട്ടിച്ചേർത്തു; സംസ്ഥാനത്ത് കൊവിഡ് മരണം അരലക്ഷം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു. കഴിഞ്ഞ ദിവസം പുതുതായി സ്ഥിരീകരിച്ച 33 മരണങ്ങളും പഴയമരണങ്ങളിൽ നിന്നും കൂട്ടിച്ചേർത്ത 209 കേസുകളും കൂടിയായതോടെ 49,547 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ കൊവിഡ് കണക്കുകൾക്കെതിരെ വ്യാപക ആക്ഷേപമുയർന്നിരുന്നു. സർക്കാരിന്റെ പ്രതിരോധ മികവിനെ ഉയർത്തിക്കാണിക്കാൻ കണക്കുകൾ പൂഴ്ത്തിവെച്ചും മരണങ്ങൾ ഉൾപെടുത്താതെയും വ്യാപക തിരിമറി നടന്നു എന്നായിരുന്നു ആരോഗ്യ വിദഗ്ദ്ധരും പ്രതിപക്ഷ കക്ഷികളും ഉന്നയിച്ച ആരോപണം.

സർക്കാർ കണക്കുകൾ പ്രകാരം മരണസംഖ്യ പതിനായിരത്തിൽ താഴെ ആയിരുന്നപ്പോൾ യഥാർത്ഥ കണക്ക് 30000ന് മുകളിൽ ആണെന്നായിരുന്നു ഡോക്ടർ അരുൺ എൻഎം, ഡോക്ടർ എസ്.എസ് ലാൽ ഉൾപ്പടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നത്.

വിഷയം നിയമസഭയ്ക്ക് അകത്തും പുറത്തും വിവാദയിതോടെ കണക്കുകളിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന്‌ ആദ്യം നിലപാടെടുത്തിരുന്ന സർക്കാർ പിന്നീട് അപാകതകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് പറഞ്ഞു. തുടർന്ന് പഴയ മരണങ്ങൾ കൂടിഉൾപ്പെടുത്തി കണക്കുകൾ പുനരേകീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രഖ്യാപിച്ചു. ആദ്യം സംസ്ഥാന തലത്തിൽ ക്രോഡീകരിച്ചിരുന്ന കണക്കുകൾ പിന്നീട് വികേന്ദ്രീകരിച്ച് ജില്ലാ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഉത്തരവിട്ടു. ദിനേന പഴയ മരണങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ തുടർദിവസങ്ങളിൽ മരണക്കണക്ക് ഉയരുകയായിരുന്നു.

കൊവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള അധികാരം ചികിത്സിക്കുന്ന ഡോക്ടർക്ക് ചുമതലപ്പെടുത്തികൊണ്ടുള്ള ലോകാരോഗൃ സംഘടനാ നിർദ്ദേശങ്ങൾ ഉൾപ്പടെ മറികടന്നുകൊണ്ടായിരുന്നു ആരോഗ്ര്യവകുപ്പ് നടപടികൾ എന്നായിരുന്നു ആക്ഷേപം. നെഗറ്റിവ് സർട്ടിഫിക്കറ്റ് കിട്ടി തൊട്ടടുത്ത ദിവസം മരണപ്പെട്ടവരുടെയോ മറ്റസുഖങ്ങൾ കൂടി മരണകാരണമായവരുടെയോ കണക്കുകൾ സംസ്ഥാനം ആദ്യം ഉൾപ്പെടുത്തിയിരുന്നില്ല. രോഗിയായിരുന്നയാൾ രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായി മാറാതെ എപ്പോള്‍ മരിച്ചാലും അത് കൊവിഡ് കണക്കുകളിൽ തന്നെ ഉൾപ്പെടുത്തണമെന്ന് 2020 ഏപ്രില്‍, മേയ് മാസങ്ങളില്‍ ലോകാരോഗ്യ സംഘടനയും ഐ.സി.എം.ആറും ഇറക്കിയ മാർഗനിർദ്ദേശത്തിൽ നിഷ്കര്ഷിക്കുന്നുണ്ട്.

“ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് കൊവിഡ് മരണ നിരക്ക് ഇതുവരെ നിശ്ചയിച്ചതെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം അടിസ്ഥാനരഹിതമാണ്. ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത് ലോകാരോഗ്യസംഘടനയുടെ ഗൈഡ് ലൈന്‍സ് അനുസരിച്ചാണ്. രണ്ട് മാര്‍ഗനിര്‍ദ്ദേങ്ങളും പരിഗണിക്കാതെയാണ് കേരളത്തില്‍ ഇതുവരെ മരണനിരക്ക് കണക്കാക്കിയത്. ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചനത്തില്‍ സെക്ഷന്‍ രണ്ടില്‍ വ്യക്തമായി പറയുന്നുണ്ട്; ‘കൊവിഡ് പൊസിറ്റീവ് ആയ എല്ലാ കേസുകളും മരിക്കുകയാണെങ്കില്‍ അത് കൊവിഡ് മൂലം മരിച്ചതായി കണക്കാക്കണം,” എന്നാണ് സർക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിഷയം വിവാദമായപ്പോൾ പറഞ്ഞത്.

കേരളത്തിലെ കുറഞ്ഞ മരണനിരക്ക് ചൂണ്ടിക്കാട്ടി വലിയ അഭിനന്ദനമായിരുന്നു ദേശീയ-അന്തർദേശീയ തലത്തിൽ സർക്കാരിന് ലഭിച്ചിരുന്നത്.