കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധയും; ഡൽഹിയിൽ പുതിയ പ്രതിസന്ധി

ന്യൂഡൽഹി: ഡൽഹിയിൽ ആശുപത്രികളിൽ കഴിയുന്ന കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധയുണ്ടാകുന്നതായി ഡോക്ടർമാരുടെ റിപ്പോർട്ട്. ശസ്ത്രക്രിയ കഴിഞ്ഞവരിലും തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ളവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഫംഗസ് ബാധയുണ്ടാകുന്നത് കൂടുതൽ മരണത്തിന് കാരണമാകുന്നു എന്നും ഡോകർമാർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ ആറ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചുവെന്നാണ് സീർ ഗംഗാറാം ആശുപത്രിയിലെ ഡോകടർ മനീഷ് മുഞ്ചാൽ പറയുന്നത്. കൊവിഡ് രോഗ ചികിത്സക്ക് സ്റ്റിറോയിഡുകൾ നൽകുന്നതും രോഗികളിലെ പ്രമേഹവും ബ്ലാക് ഫംഗസ് ബാധക്ക് കാരണമാകാം എന്ന് ഇഎൻടി വിദഗ്‌ധൻ അജയ് സ്വരൂപ് അഭിപ്രായപ്പെടുന്നു. കൊവിഡ് രോഗമുക്തി പ്രാപിച്ചവരിലാണ് ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത് എന്നതും ആശങ്കാജനകമായി ചൂണ്ടിക്കാണിക്കുന്നു.

അപൂർവമായി കാണപ്പെടുന്ന എന്നാൽ ഗുരുതര സ്വഭാവമുള്ള ഫങ്കസ് ബാധയാണ് ഇത്. കഴിഞ്ഞ വർഷവും കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോമൈസെറ്റെസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരം 50 ശതമാനമാണ് ബ്ലാക്ക് ഫംഗസ് ബാധയേറ്റവരുടെ മരണ നിരക്ക്.

പ്രധാനമായും ശ്വാസ നാളിയെയും ശ്വാസകോശത്തെയുമാണ് ഈ ഫംഗസ് ബാധിക്കുന്നത്. ശ്വസിക്കുന്നത് വഴിയും, മുറിവുകൾ വഴിയും ഫംഗസ് അംശങ്ങൾ മനുഷ്യ ശരീരത്തിലെത്താം. ശരീരത്തിലെ ഏത് ഭാഗത്തെയും ബാധിക്കാമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. മൂക്കടപ്പ്, കണ്ണുകളിലെയോ കവിളിലെയോ വീക്കം, മൂക്കിനുള്ളിലെ കറുത്ത പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം വിദഗ്ദ്ധ പരിശോധനക്ക് വിധേയമാക്കണമെന്നും ഡോക്ടർമാർ നിർദേശം നൽകുന്നു.

പൊടിയുള്ള ചുറ്റുപാടുകളിൽ നിന്നും മാറി നിന്നും, പൊടിയും മണ്ണും കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ ശരീരം കൃത്യമായി മറയുന്ന വസ്ത്രങ്ങൾ ധരിച്ചും, ഗ്ലൗസും ഷൂസും ഉപയോഗിച്ചും മുറിവുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയും ഒരു പരിധി വരെ ഫംഗസ് ബാധ തടയാനാകും.