തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടാന്‍ ശുപാര്‍ശ. വിവിധ വകുപ്പുകള്‍ വിദഗ്ധ സമിതി യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടെന്നാണ് വിവരം. ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടണമെന്നാണ് ശുപാര്‍ശ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കും.
റെവന്യൂ, ദുരന്ത നിവാരണ അതോറിറ്റി, പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകളാണ് വിദഗ്ധ സമിതി യോഗത്തില്‍ ലോക്ഡൗണ്‍ നീട്ടണമെന്ന അഭിപ്രായം മുന്നോട്ടുവെച്ചത്. നിലവില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഞായറാഴ്ചയാണ് അവസാനിക്കുന്നത്. ഇപ്പോഴുള്ള നിയന്ത്രണങ്ങളടങ്ങിയ ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടണമെന്നാണ് ശുപാര്‍ശയാണ് മുന്നോട്ടുവെച്ചത്.
ഇക്കാര്യത്തില്‍ അവസാനഘട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആറുമണിക്ക് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും സംസ്ഥാനത്ത് രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് ശുപാര്‍ശ. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്നാണ് വിദഗ്ധ സമിതിയിലുണ്ടായ നിരീക്ഷണം.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് സംസ്ഥാനത്തെ പൊലീസ് സംവിധാനങ്ങള്‍ നേരത്തെതന്നെ അഭിപ്രായപ്പെട്ടിരുന്നു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. യാത്രാ അനുമതിക്കുള്ള സത്യവാങ്മൂലം ആളുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. ലോക്ഡൗണ്‍ നീട്ടുകയാണെങ്കില്‍ പൊലീസിന്റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്കൂടി പരിഗണിച്ചേക്കുമെന്നാണ് വിവരം. നിര്‍മ്മാണ മേഖലയില്‍ നല്കിയ ഇളവും വെട്ടിക്കുറയ്ക്കണമെന്നും ആവശ്യമുണ്ട്.
എന്നാല്‍, ലോക്ഡൗണ്‍ നീട്ടുന്നത് ജനജീവിതത്തെ ബാധിക്കുമെന്ന അഭിപ്രായവും സര്‍ക്കാരിന് മുന്നിലുണ്ട്. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും അത് പ്രതികൂലമായി ബാധിച്ചേക്കും. ഈ അഭിപ്രായവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.