അന്തര്‍ജില്ലാ യാത്രകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി; തട്ടുകടകള്‍ തുറക്കേണ്ട, അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും നല്‍കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ലോക്ഡൗണ്‍ ആരംഭിക്കുന്ന സാഹചര്യത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍നിന്ന് പാസ് വാങ്ങണം. അന്തര്‍ജില്ലാ യാത്രകള്‍ ഒഴിവാക്കണം. ഒഴിവാക്കാന്‍ കഴിയാത്തവര്‍ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയ്യില്‍ കരുതണം. ലോക്കഡൗണ്‍ കാലത്ത് തട്ടുകടകള്‍ തുറക്കരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.

രോഗമുള്ളവരുടെയും ക്വാറന്റീന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. ഇവര്‍ക്ക് വാക്സിനും ലഭ്യമാക്കും.

വിവാഹം, മരണാനന്തര ചടങ്ങുകള്‍, അടുത്ത രോഗിയെ കാണല്‍ എന്നിവയ്‌ക്കേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാന്‍ അനുവാദമുള്ളൂ. കാര്‍മ്മികത്വം വഹിക്കുന്നവര്‍ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യില്‍ കരുതണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്ത് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അത് നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.

വാഹന വര്‍ക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം. ഹാര്‍ബറില്‍ ലേല നടപടി ഒഴിവലാക്കേണ്ടതാണ്. അതിഥി തൊഴിലാളികള്‍ക്ക് നിര്‍മ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസും കരാറുകാരന്‍ നല്‍കണം

ബാങ്കുകള്‍ ഒന്നിടവിട്ട് ദിവസം പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികള്‍ ഗൃഹസന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.