ഒറ്റ രാത്രികൊണ്ട് അപേക്ഷിച്ചത് 90,000 പേര്‍; എല്ലാവര്‍ക്കും യാത്രാപാസ് നല്‍കാനാവില്ലെന്ന് ഡിജിപി, പൊലീസുകാരില്‍ കൊവിഡ് പടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യാത്രാപാസിനായി അപേക്ഷിക്കന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 90,000 പേരാണ് ഒറ്റ രാത്രികൊണ്ട് പൊലീസില്‍ യാത്രാപാസിനായി അപേക്ഷ സമര്‍പ്പിച്ചത്. ഇതോടെ, പാസ് നല്‍കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍.

നിരവധിപ്പേര്‍ യാത്രാപാസിനായുള്ള വെബ്‌സൈറ്റിലെത്തിയതോടെ സൈറ്റ് ഹാങ്ങായി. വീണ്ടും സൈറ്റ് പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.

അപേക്ഷിക്കുന്നവര്‍ക്കെല്ലാം യാത്രാപാസ് നല്‍കാനാവില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യ യാത്രക്കാരാണ്. അത്യാവശ്യ യാത്രക്കാര്‍ക്ക് മാത്രമേ പാസ് നല്‍കുകയുള്ളൂ. അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ കേസെടുക്കും. വാഹനങ്ങളും പിടിച്ചെടുക്കും.

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ നിരത്തുകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിപ്പിക്കുമെന്ന് ഡിജിപി അറിയിച്ചു. നിര്‍മ്മാണ മേഖലയിലുള്ള ആളുകളെ തൊഴിലിടങ്ങളില്‍ എത്തിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വത്തില്‍ പ്രത്യേക വാഹനത്തിലാണ്. അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം. ജോലിക്ക് പോകാന്‍ പാസ് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗണില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് സുരക്ഷയൊരുക്കാന്‍ നടപടികള്‍ സ്വീകരിക്കും. പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വര്‍ധിക്കുന്നുണ്ടെന്നും അതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.