സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടി; തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടി. മെയ് 23 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ മെയ് 16 ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

രോഗം നിയന്ത്രണവിധേയമാക്കാതെ രോഗികള്‍ വര്‍ധിക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ‘രോഗവ്യാപനം കുറച്ചുകൊണ്ടുവരാനാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ലോക്ഡൗണ്‍ നീട്ടുന്നതിലൂടെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യമുണ്ടാവും. ഒന്നാം ഘട്ടത്തിലെ അനുഭവങ്ങള്‍ക്കൂടി കണക്കിലെടുത്ത് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. അവശ്യസാധന കിറ്റ് ജൂണിലും വിതരണം ചെയ്യും. മെയ് മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും’, മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോക്ഡൗണ്‍ നീട്ടണമെന്ന് വിവിധ വകുപ്പുകള്‍ വിദഗ്ധ സമിതി യോഗത്തില്‍ ശുപാര്‍ശ മുന്നോട്ടുവെച്ചിരുന്നു. റെവന്യൂ, ദുരന്ത നിവാരണ അതോറിറ്റി, പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകളാണ് വിദഗ്ധ സമിതി യോഗത്തില്‍ ലോക്ഡൗണ്‍ നീട്ടണമെന്ന അഭിപ്രായം മുന്നോട്ടുവെച്ചത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും സംസ്ഥാനത്ത് രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്നാണ് വിദഗ്ധ സമിതിയിലുണ്ടായ നിരീക്ഷണം.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് സംസ്ഥാനത്തെ പൊലീസ് സംവിധാനങ്ങള്‍ നേരത്തെതന്നെ അഭിപ്രായപ്പെട്ടിരുന്നു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. യാത്രാ അനുമതിക്കുള്ള സത്യവാങ്മൂലം ആളുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.