വി ഡി സതീശന്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പരാതി; തിങ്കളാഴ്ച്ച കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് എഐവൈഎഫ്

യുഡിഎഫ് നിയമസഭാ കക്ഷി നേതാവ് വിഡി സതീശന്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പരാതിയുമായി എഐവൈഎഫ് കോടതിയിലേക്ക്. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേങ്ങള്‍ ലംഘിച്ച് എറണാകുളം ഡിസിസി ഓഫീസില്‍ സതീശന് സ്വീകരണം സംഘടിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണിത്. കൊവിഡ് ചുമതലയുള്ള ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍ പരാതി നല്‍കിയിരുന്നു. വീഡിയോകള്‍ സഹിതമായിരുന്നു ഇത്.

വിഡി സതീശന്റെ നിയമലംഘനത്തിനെതിരെ തിങ്കളാഴ്ച്ച കോടതിയില്‍ ഹര്‍ജി നല്‍കും.

എന്‍ അരുണ്‍

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി ചുമതലപ്പെടുത്തുകയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സതീശന്‍ ഡിസിസി ഓഫീസിലെത്തിയത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ സതീശനെ സ്വീകരിക്കാന്‍ തയ്യാറായി ഓഫീസില്‍ കാത്തുനില്‍പുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എറണാകുളം എംപി ഹൈബി ഈഡന്‍, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എംഎല്‍എ എന്നിവരും പങ്കെടുത്തു. മാസ്‌ക് ഊരിവെച്ചാണ് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.