പ്രോട്ടോക്കോള്‍ ലംഘനം; കെപിസിസി പരിപാടിക്കെത്തിയ കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രോട്ടോക്കോള്‍ ലംഘിച്ച് തടിച്ചുകൂടിയതിലാണ് കേസ്.

കെ സുധാകരന്‍, ടി സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ന് ഇന്ദിരാ ഭവനില്‍വെച്ച് നടന്ന പരിപാടിയില്‍ ഔദ്യോഗികമായി കെപിസിസി സ്ഥാനങ്ങളേറ്റെടുത്തത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഡി സതീശന്‍, കെ മുരളീധരന്‍, കെ ബാബു, താരിഖ് അന്‍വര്‍ എന്നിവരടക്കമുള്ള നേതാക്കളും അണികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Also Read: ‘അധികാരത്തിന് പുറകേപോവാത്ത ഒരു മനസുണ്ടോ? ഈ പാര്‍ട്ടിയെ നമുക്ക് തിരിച്ചുകൊണ്ടുവരാം’; വാഗ്ദാനങ്ങളോടെ സ്ഥാനമേറ്റെടുത്ത് കെ സുധാകരന്‍

ജനകീയ നീതി വേദി ജില്ലാ സെക്രട്ടറി അബ്ദുറഹിമാന്‍ തെരുവത്താണ് പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്.കൊവിഡ് മാനദണ്ഡങ്ങളാല്‍ ജനം ലോക്ക്ഡൗണില്‍പ്പെട്ട് ഉഴലുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷന്റെ സ്ഥാനോഹരണ പരിപാടിയുടെ ഭാഗമായി യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ ആയിരത്തോളം വരുന്ന ആളുകളെ സംഘടിപ്പിച്ചു കൊണ്ട് തിരുവനന്തപുരത്ത് പൊതുപരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ സുധാകരനെതിരെയും, പ്രതിപക്ഷ നേതാവ് വി ടി സതീശനെതിരെയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.