കൊച്ചി: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കാലടിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെയും അങ്കമാലിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും നേതൃത്വത്തില്‍ നടന്ന ചടങ്ങുകളില്‍ തിങ്ങിനിറഞ്ഞ് ആള്‍ക്കൂട്ടം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കാലടി ശ്രീശങ്കര പാലത്തില്‍ നടത്തിയ സന്ദര്‍ശനത്തിലായിരുന്നു കൊവിഡ് പ്രോട്ടോകോള്‍ ലംഘനം. എംഎല്‍എമാരും മറ്റു ജനപ്രതിനിധികളുമടക്കം അന്പതിലേറെപേരാണ് സാമൂഹിക അകലം പാലിക്കാതെ ഇവിടെ തിങ്ങിക്കൂടിയത്.
കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അങ്കമാലിയിലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കല്ലറകളില്‍ അനുസ്മരണ ചടങ്ങിനെത്തിയപ്പോഴും സമാന അവസ്ഥയായിരുന്നു. സുധാകരന് കല്ലറയില്‍ റീത്ത് സമര്‍പ്പിച്ചപ്പോഴും ആള്‍ക്കൂട്ടം ചുറ്റിനുമുണ്ടായി. തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതില്‍ കണ്ടാലറിയുന്ന 25 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുധാരന്റെ സന്ദര്‍ശനത്തിനൊപ്പം എംഎല്‍എമാരായ റോജി എം ജോണ്‍, മാത്യു കുഴല്നാടന്, ടിജെ വിനോദ് എന്നിവരടക്കം പങ്കെടുത്തിരുന്നു.
കാലടി സമാന്തര പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരിശോധനയില്‍ മന്ത്രിക്കൊപ്പം എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, റോജി എംജോണ്‍, അന്‍വര്‍ സാദത്ത് എന്നിവരും പ്രാദേശിക നേതാക്കളുമുണ്ട്.