സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുളള രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 274 പേര്‍ ഐസിയുവില്‍, വെന്റിലേറ്ററില്‍ പ്രവേശിച്ചത് 331 പേര്‍

സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 274 പേരെ തീവ്ര പരിചരണ വിഭാഗത്തിലും 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചെന്ന് ആരോഗ്യ വകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഐസിയുകളില്‍ 2,323 പേരും വെന്റിലേറ്ററില്‍ 1,138 പേരുമാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ 508 വെന്റിലേറ്റര്‍ ഐസിയു, 285 വെന്റിലേറ്റര്‍, 1,661 ഓക്‌സിജന്‍ കിടക്കകള്‍ എന്നിവയാണ് ഒഴിവുള്ളത്.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്ന എറണാകുളം ജില്ലയിലെ സ്ഥിതി ആശങ്കാ ജനകമായി തുടരുകയാണ്. ഇന്നലെ 5,361 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 64,453 ആയി. ജില്ലയിലെ ടിപിആര്‍ മുപ്പതില്‍ കൂടുതലാണ്. എട്ട് പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 50 ശതമാനത്തിന് മുകളിലെത്തി.

56.27 രേഖപ്പെടുത്തിയ ചെല്ലാനം പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം. കടമക്കുടി, കുമ്പളങ്ങി, ചെങ്ങമനാട്, ചൂര്‍ണിക്കര, കടങ്ങല്ലൂര്‍, തുറവൂര്‍, പള്ളിപ്പുറം പഞ്ചായത്തുകളിലും അമ്പതിന് മുകളിലാണ്. ഏലൂര്‍, മുളവുകാട്, ചേരാനല്ലൂര്‍, വരാപ്പുഴ, ഞാറക്കല്‍ ഉള്‍പ്പെടെ 27 പഞ്ചായത്തുകളില്‍ ടിപിആര്‍ 40ന് മുകളിലെത്തി.

കൊച്ചി കോര്‍പറേഷനിലും ജില്ലയിലെ 13 മുനിസിപ്പാലിറ്റികളിലും രോഗവ്യാപനം രൂക്ഷമാണ്. 48.08 ശതമാനമാണ് ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കളമശ്ശേരി, മരട്, തൃപ്പൂണിത്തുറ, വടക്കന്‍ പറവൂര്‍ പ്രദേശങ്ങളിലും കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുന്നു.