കൊവിഡ് വാക്‌സിന്‍ സൗജന്യമായി സമയത്ത് തന്നെ ലഭ്യമാക്കണം; കേന്ദ്ര നിലപാടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും ലഭ്യമാക്കണമെന്ന പ്രമേയം കേരള നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കി. വാക്‌സിന്‍ വാങ്ങുന്ന കാര്യത്തില്‍ മറ്റുള്ള സംസ്ഥാനങ്ങളോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത് പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിതമായി ലൈസന്‍സ് വ്യവസ്ഥ ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന് അനുമതി നല്‍കിയ കമ്പനികളുടെയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെ എംഎച്ച്ആര്‍െ, ജപ്പാന്‍ പിഎംഡിഎ, യുഎസ്എഫ്ഡിഎഎന്നിവയുടെ അനുമതിയുള്ള വാക്‌സിന്‍ കമ്പനികളും ഇളവ് നല്‍കാമെന്നും പ്രമേയത്തില്‍ പറയുന്നു.

നേരത്തെ ചോദ്യോത്തര വേളയില്‍ അടിയന്തിര പ്രമേയത്തെ ചൊല്ലി ഏറ്റുമുട്ടല്‍ നടന്നിരുന്നു. എങ്കിലും പ്രതിപക്ഷം സഭ വിട്ടിരുന്നില്ല. അതിന് ശേഷമാണ് ആരോഗ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്.

പ്രമേയത്തെ അനുകൂലിച്ച് പ്രതിപക്ഷം ചെറിയ ഭേദഗതികള്‍ ആവശ്യപ്പെട്ടിരുന്നു. അത് കൂടി അംഗീകരിച്ചാണ് പ്രമേയം ഐകകണ്‌ഠേന പാസ്സാക്കിയത്.