‘ചാത്തന്നൂരില്‍ സിപിഐഎം വോട്ട് ബിജെപിക്ക് മറിഞ്ഞു’; ഗുരുതര വിമര്‍ശനങ്ങളുമായി സിപിഐയുടെ അവലോകന റിപ്പോര്‍ട്ട്

നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സിപിഐഎമ്മിനെതിരെ ഗുരുതര വിമര്‍ശനങ്ങളുമായി സിപിഐ. കരുനാഗപ്പള്ളിയിലുണ്ടായ തോല്‍വിയിലടക്കം സിപിഐഎമ്മിന് നേരെ വിരല്‍ ചൂണ്ടുന്നതാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി ഡി സതീശന്‍ ജയിച്ച പറവൂരില്‍ സിപിഐഎമ്മിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഹരിപ്പാട് സിപിഐഎം വോട്ടുകള്‍ ചോര്‍ന്നു. ചാത്തന്നൂരില്‍ ബിജെപിക്ക് വോട്ടുമറിഞ്ഞു.

സിപിഐ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് സീറ്റുകളായ കരുനാഗപ്പള്ളിയും മൂവാറ്റുപുഴയും സിപിഐക്ക് നഷ്ടപ്പെട്ടിരുന്നു. സിപിഐയും സിപിഐഎമ്മിനും ഏതാണ്ട് തുല്യ ശക്തിയുള്ള മണ്ഡലമാണ് കരുനാഗപ്പള്ളി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി ആര്‍ മഹേഷ് ഇവിടെ നിന്ന് 29,208 വോട്ടുകള്‍ക്ക് ജയിച്ചത് മുന്നണി വോട്ടുകളില്‍ വിള്ളലുണ്ടായതുകൊണ്ടാണെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു.

രമേശ് ചെന്നിത്തല തെരഞ്ഞെടുക്കപ്പെട്ട ഹരിപ്പാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സിപിഐഎം വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ലെന്നാണ് വിമര്‍ശനം. എഐവൈഎഫ് നേതാവ് അഡ്വ. ആര്‍ സജിലാല്‍ 13,666 വോട്ടിനാണ് രമേശ് ചെന്നിത്തലയോട് തോറ്റത്. ഹരിപ്പാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഴ്ച്ച വെച്ച പ്രകടനം പോലും പുറത്തെടുക്കാന്‍ നിയമസഭാ ഇലക്ഷനില്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും സിപിഐ ചോദിക്കുന്നു.

ചാത്തന്നൂരില്‍ സിപിഐ നേതാവ് ജിഎസ് ജയലാല്‍ മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വോട്ടുകള്‍ ചോര്‍ന്നതായി ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ ബി ബി ഗോപകുമാറുമായി 34,407 വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നത് ഇത്തവണ 17,206 ആയി. സിപിഐഎം വോട്ടുകള്‍ അടക്കം ബിജെപിയിലേക്ക് പോയെന്നാണ് സിപിഐയുടെ വാദം.

കേരള കോണ്‍ഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സിപിഐഎമ്മിന് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തല്‍. പാല, ചാലക്കുടി, കടുത്തുരുത്തി തോല്‍വികളാണ് സിപിഐ പരാമര്‍ശിക്കുന്നത്. ഉറച്ച വോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ല. സിപിഐഎം മത്സരിച്ച ചില മണ്ഡലങ്ങളില്‍ ഘടകക്ഷികളെ സഹകരിപ്പിച്ചില്ല. ഉദുമ മണ്ഡലത്തില്‍ ആദ്യഘട്ട പ്രചരണം സിപിഐഎം ഒറ്റയ്ക്കാണ് നടത്തിയതെന്നും സിപിഐ സംസ്ഥാന കൗണ്‍സിലിന് മുന്നില്‍ ചര്‍ച്ചയ്‌ക്കെത്തിയ റിപ്പോര്‍ട്ടിലുണ്ട്.