കോൺഗ്രസ് ദേശീയ ബദലെന്ന് സിപിഐ, അല്ലെന്ന് കോടിയേരി; ബിനോയ് വിശ്വത്തെയും കാനത്തെയും പിന്തുണച്ച് ജനയുഗം മുഖപ്രസംഗവും; ചൂടേറി ചർച്ച

കോൺഗ്രസ് തകർന്നാൽ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിനാവില്ലെന്ന സിപിഐ എംപി ബിനോയ് വിശ്വത്തിന്റെയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും അഭിപ്രായം ആവർത്തിച്ചുകൊണ്ട് എഡിറ്റോറിയലെഴുതി സിപിഐ മുഖപത്രം ജനയുഗം. പിന്നാലെ ഈ നിലപാട് തള്ളിയും സിപിഐക്ക് മുന്നറിയിപ്പ് നൽകിയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തി. കോൺഗ്രസിനെ ബദലായി കാണാനാവില്ലെന്നും സിപിഐ നിലപാട് കേരളത്തിൽ കോൺഗ്രസിനെ സഹായിക്കുമെന്നും കോടിയേരി പറഞ്ഞതോടെ ദേശീയ രാഷ്ട്രീയത്തിലെ ബിജെപി വിരുദ്ധ ബദൽ വിഷയത്തിൽ സിപിഐഎം സിപിഐ അഭിപ്രായ അനൈക്യം ചൂടേറിയ ചർച്ചയായായി മാറിയിരിക്കുകയാണ്.

ബിനോയ് വിശ്വം പറഞ്ഞത്

ഞായറാഴ്ച്ച പി.ടി തോമസ് അനുസ്മരണ വേദിയിലായിരുന്നു കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്നും അവിടെ സംഘ്പരിവാര്‍ സംഘടനകള്‍ ശക്തിപ്പെടുമെന്നും ബിനോയ് വിശ്വം എംപി അഭിപ്രായപ്പെട്ടത്.

ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കു മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകാന്‍ പോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങള്‍. അതുകൊണ്ട് പറയുകയാണ്, കേരളത്തിലെ തര്‍ക്കങ്ങളെല്ലാം ഇരിക്കത്തന്നെ ഞാന്‍ പറയുന്നു, കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ തകര്‍ച്ചയുടെ ശൂന്യത നികത്താനുള്ള കെല്‍പ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘ്പരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും. അത് ഒഴിവാക്കണമെങ്കില്‍ നെഹ്‌റുവിനെ ഓര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് തകരാതിരിക്കാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

ബിനോയ് വിശ്വം എംപി

കാനത്തിന്റെ നിലപാട്

ഈ പരാമർശം ചർച്ചയതോടെ വിഷയത്തിൽ പ്രതികരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതേ നിലപാട് ആവർത്തിച്ചു. കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ എല്ലായിടത്തും ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാനാകില്ലെന്നാണ് സിപിഐ നിലപാടെന്ന് വ്യക്തമാക്കിയ അദ്ദേഹം വ്യത്യസ്ത നിലപാടുള്ളതുകൊണ്ടാണ് സിപിഐയും സിപിഐഎമ്മും രണ്ട് പാര്‍ട്ടികളായി നില്‍ക്കുന്നതെന്നും കൂട്ടിച്ചേർത്തു.

എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ശക്തമാണ്. ഇടതുപക്ഷം ബിജെപിക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ട് പോവുന്നുണ്ട്. എന്നാൽ കോൺഗ്രസ് ദുർബലമാകുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടാക്കാൻ കഴിയണമെന്നില്ല. അതാണ് ബിനോയ് വിശ്വം പറഞ്ഞത് . പ്രാദേശിക പാർട്ടികളുമായി ചേർന്ന് ഇടതുപക്ഷത്തിന് മാത്രമേ ബദലാകാനാവൂ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിരീക്ഷണം സിപിഐഎമ്മിന്റെ കാഴ്ചപ്പാടാണ് . മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗമാണ്. ബിനോയ് വിശ്വം സിപിഐയുടെ ദേശീയ സെക്രട്ടേറിയേറ്റ് അംഗമാണ്. രണ്ട് പേരും രണ്ട് പാർട്ടികളുടെ നിലപാടാണ് പറഞ്ഞത്. ഞങ്ങൾക്ക് രണ്ട് നിലപാടുള്ളത് കൊണ്ടാണ് രണ്ട് പാർട്ടികളായി നിൽക്കുന്നത്.

കാനം രാജേന്ദ്രൻ, സിപിഐ സംസ്ഥാന സെക്രട്ടറി

ജനയുഗം മുഖപ്രസംഗം

ഇതോടെ ചർച്ചകൾ ശക്തമായി. ഇരു നേതാക്കളുടെയും നിലപാടിനെ പിന്തുണച്ചും വിശദീകരിച്ചും ‘സുശക്തമായ ദേശീയ ബദല്‍ രാഷ്ട്രഭാവിക്ക് അനിവാര്യം’ എന്ന തലക്കെട്ടിൽ സിപിഐ മുഖപത്രം ജനയുഗം എഡിറ്റോറിയലെഴുതി.

കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങളും നിയമവാഴ്ചയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി നിലകൊള്ളുന്ന, ഒരു രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്…ഇന്ന് രാജ്യം നേരിടുന്ന മുഖ്യവെല്ലുവിളി മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടന എന്നിവയുടെയും ഭ­രണഘടനാ സ്ഥാപനങ്ങളുടെയും നിലനില്പും സംരക്ഷണവും തന്നെയാണ്. അവിടെയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ബിജെപിക്കെതിരായ രാഷ്ട്രീയ ബദലിലുള്ള പ്രസക്തി.

ജനയുഗം മുഖപ്രസംഗം

ഇടതുപക്ഷത്തിന്റെ ബലക്ഷയത്തെക്കുറിച്ചും സിപിഐ മുഖപത്രം വിശദമാക്കുന്നു.

രാജ്യത്തെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ അവഗണിച്ചുകൊണ്ട് ദേശീയതലത്തില്‍ അവയുടെ നേതൃത്വത്തില്‍ ഇന്നത്തെ നിലയില്‍ ഒരു രാഷ്ട്രീയ ബദല്‍ അസാധ്യമാവും.

ജനയുഗം മുഖപ്രസംഗം

ബിനോയ് വിശ്വം നടത്തിയ പ്രതികരണം തികച്ചും സ്വാഭാവികവും ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കേണ്ടതുമാണെന്നും മുഖപ്രസംഗം പറയുന്നു.

കോടിയേരിയുടെ മറുപടി

ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ കാണാനാവില്ലെന്ന് നിലപാടെടുത്ത കോടിയേരി, സിപിഐ നേതാക്കളുടെ അഭിപ്രായം കേരളത്തിലെ ഇടത് പക്ഷത്തിന് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കി.

ഇന്ത്യയിൽ പതിനൊന്ന് സംസ്ഥാനങ്ങളിൽ ബിജെപി ഇതര ഗവണ്മെന്റുകളുണ്ട്. അതിൽ മൂന്ന് സംസ്ഥാനത്താണ് കോൺഗ്രസുള്ളത്. ബാക്കി സംസ്ഥാനത്തെല്ലാം പ്രാദേശിക കക്ഷികളും കേരളത്തിൽ ഇടതുപക്ഷവുമാണ് ഭരിക്കുന്നത്. അപ്പോൾ ഈ പതിനൊന്ന് സംസ്ഥാനങ്ങളിൽ മൂന്ന് സംസ്ഥാനങ്ങൾ ഒഴിച്ചു ബാക്കിയിടങ്ങളിലുള്ള പ്രാദേശിക കക്ഷികളെ എല്ലാം മാറ്റിനിർത്തി ഒരു ബദൽ രൂപീകരിക്കാൻ ശ്രമിച്ചാൽ ബിജെപിയെ തോൽപ്പിക്കാനുള്ള ബദൽ ശക്തിയായി മാറില്ല. പ്രാദേശിക കക്ഷികൾ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പ്രധാന ഘടകമാണ്. ആ യാഥാർഥ്യം കൂടി ഉൾകൊള്ളുന്ന ബദലിന് മാത്രമേ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ സാധിക്കൂ. കേരളത്തിൽ വന്ന് കോൺഗ്രസ് അനുകൂല നിലപാട് പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നണിയുടെ മുന്നേറ്റത്തിന് സഹായകമല്ല. മാത്രമല്ല തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ഇത്തരമൊരു പ്രസ്താവന കോൺഗ്രസിനെ സഹായിക്കുകയാണ് ചെയ്യുക.

കോടിയേരി ബാലകൃഷ്‌ണൻ, സിപിഎം സംസ്ഥാന സെക്രട്ടറി

കൂടുതൽ പരസ്യ പ്രതികരണങ്ങളുമായി നേതാക്കളെത്തുന്നതോടെ പുതിയ വാക്പോരിനായിരിക്കും രാഷ്ട്രീയ കേരളം വരുംദിവസങ്ങളിൽ സാക്ഷ്യം വഹിക്കുക.