25 കോടിയുമായി സിപിഐ ആസ്ഥാനത്തെത്തിയ അംബാനിയെ ബർദൻ ഇറക്കിവിട്ട കഥ പന്ന്യൻ രവീന്ദ്രൻ പറയുന്നു

റിലയൻസ് തലവൻ മുകേഷ് അംബാനി യുപിഎ സർക്കാരിന്റെ കാലത്ത് 25 കോടി രൂപ സംഭാവനയുമായി ജനറൽ സെക്രട്ടറി എ.ബി ബർദനെ കാണാൻ ഡൽഹി സിപിഐ ഓഫിസിൽ എത്തിയിരുന്നതായി പന്ന്യൻ രവീന്ദ്രൻ. പണമൊന്നും സ്വീകരിക്കാതെ ബർദൻ അംബാനിയെ തിരികെ അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടത് പിന്തുണയോടെ യുപിഎ കേന്ദ്രം ഭരിക്കുന്ന 2006ലാണ് സംഭവം നടന്നത്. സിപിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി അംബാനി നേരിട്ട് ജനറൽ സെക്രെട്ടറിയെ കാണാനെത്തുകയായിരുന്നു എന്നാണ് സംഭവത്തിന് സാക്ഷിയായായ പന്ന്യൻ രവീന്ദ്രൻ പറയുന്നത്.

“ഒരിക്കൽ ഞാൻ പാർട്ടി ഓഫിസിൽ എത്തിയപ്പോൾ ‘ഇരിക്കൂ, ഒരാൾ വരാനുണ്ട്’ എന്ന് ബർദൻ എന്നോട് പറഞ്ഞു. അപ്പോഴാണ് റിലയൻസിന്റെ മുതലാളി വരുന്നത്. കോമ്രേഡിനെ കാണാൻ വന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരുപാട് നാളായി കാണാൻ ആലോചിക്കുന്നതാണ്, കഴിഞ്ഞിരുന്നില്ല. നമ്മൾ തമ്മിലുള്ള ബന്ധം ഒന്ന് മാറ്റണം. ഞങ്ങളുടെ കയ്യിൽ നിന്നും നിങ്ങളുടെ പാർട്ടി പണമൊന്നും വാങ്ങിയിട്ടില്ല. ഞാനതുകൊണ്ട് കുറച്ചു പൈസയുമായി വന്നതാണ്’ എന്ന് അദ്ദേഹം പറഞ്ഞു,” എന്നാണ് പന്ന്യൻ രവീന്ദ്രൻ ഏഷ്യാനെറ്റിനോട് വെളിപ്പെടുത്തിയത്.

ആദ്യ ഘട്ടമായി 25 കോടിയാണ് അംബാനി സംഭാവന നൽകാൻ തയ്യാറായതെന്നും പന്ന്യൻ വ്യക്തമാക്കി.

“ബർദൻറെ മുഖം പെട്ടെന്ന് മാറി. അദ്ദേഹം അംബാനിയോട് പറഞ്ഞു, ‘നേരത്തെ പറഞ്ഞെങ്കിൽ ഇവിടെ വരണ്ടായിരുന്നല്ലോ’. എന്നാൽ അംബാനിക്ക് അതിന്റെ അർത്ഥം മനസിലായില്ല. ‘നേരിട്ട് നമ്മൾ സംസാരിച്ചതിന് ശേഷം പിന്നെ തരുന്നതല്ലേ ശരി. അതുകൊണ്ടാണ് ഞാൻ വന്നത്,’ എന്ന് അംബാനി മറുപടി പറഞ്ഞു.”

“സോറി ഞങ്ങൾക്ക് നിങ്ങളുടെ കാശ് വേണ്ട,” എന്ന് ബർദൻ അംബാനിയോട് പറഞ്ഞു. “ഞങ്ങൾ പണം പിരിക്കുന്ന പാർട്ടിയൊക്കെ തന്നെയാണ്, എന്നാൽ നിങ്ങളെപ്പോലെയുള്ള കോർപറേറ്റുകളുടെ പൈസ ഞങ്ങൾക്ക് വേണ്ട,” എന്ന് ജനറൽ സെക്രട്ടറി തുറന്ന് പറഞ്ഞു എന്ന് പന്ന്യൻ ഓർത്തെടുക്കുന്നു.

എ.ബി ബർദൻ മരണപ്പെട്ട് ആറുവർഷം തികയുന്ന പശ്ചാത്തലത്തിലാണ് പന്ന്യൻ രവീന്ദ്രൻ ഓർമ്മ പങ്കിട്ടത്.