എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചുരുക്കി നടത്തണമെന്ന നിര്‍ദ്ദേശവുമായി സിപിഐ. ചടങ്ങ് ചുരുക്കുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടി സിപിഐയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം രംഗത്തെത്തി. സത്യപ്രതിജ്ഞാ ചടങ്ങ് ചുരുക്കിയാല്‍ നമ്മുടെ സര്‍ക്കാരിനെ അതിന്റെ പേരില്‍ ജനങ്ങള്‍ മാനിക്കുകയേ ഉള്ളൂയെന്ന് ബിനോയ് വിശ്വം പറഞ്ഞു. നാം വ്യത്യസ്തരായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കടപ്പെട്ടവരാണെന്നും സിപിഐ നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
കൊവിഡ്, ട്രിപ്പിള്‍ ലോക്ഡൗണ്‍, മഴക്കെടുതി എന്നീ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മന്ത്രിമാര്‍, രണ്ട് കുടുംബാംഗങ്ങള്‍, അനിവാര്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാത്രമായി ചുരുക്കുന്നതല്ലേ ഉചിതം?
ബിനോയ് വിശ്വം
ജനങ്ങള്‍ അതാണ് നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പ്രിയങ്കരനായ മുഖ്യമന്ത്രിക്ക് ഇത് മനസിലാകുമെന്ന് ഉറപ്പുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയാകുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അഞ്ഞൂറിലേറെപ്പേര്‍ക്ക് ഇരിപ്പിടമൊരുക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശമുയര്‍ന്നിരുന്നു. തലസ്ഥാനം ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ ഇത്രയും പേരെ പങ്കെടുപ്പിച്ച് നടത്തുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അനുകൂലികളും ഫേസ്ബുക്കിലൂടെ രംഗത്തെത്തി. അധികാരമേല്‍ക്കല്‍ ഓണ്‍ലൈനായി നടത്തി മാതൃക കാണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ചടങ്ങില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടാകൂയെന്നും അത്യാവാശ്യക്കാരെ മാത്രമേ പങ്കെടുപ്പിക്കൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആളെണ്ണം കുറച്ച് 250-300 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തിയേക്കുമെന്ന് വിവരമുണ്ട്. എത്ര പേരെ പങ്കെടുപ്പിക്കുമെന്ന കാര്യം നാളെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കും. മെയ് 20ന് ഉച്ച കഴിഞ്ഞ് 3:30നാണ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്.