‘അദ്ദേഹം ജനപിന്തുണയുള്ള നേതാവ്’; കോണ്‍ഗ്രസിനെ പഴിച്ചും ഗോപിനാഥിനെ പ്രകീര്‍ത്തിച്ചും എ വിജയരാഘവന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട എ.വി ഗോപിനാഥിനെ പ്രകീര്‍ത്തിച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ഗോപിനാഥിന്റേത് മികച്ച നിലപാടാണെന്നും അദ്ദേഹം ജനപിന്തുണയുള്ള നേതാവാണെന്നും വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച ഗോപിനാഥ് സിപിഐഎമ്മില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിജയരാഘവന്റെ പ്രതികരണം.

‘പാലക്കാട് ജില്ലയില്‍ താഴേത്തട്ടില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള നേതാവാണ് എ.വി ഗോപിനാഥ്. ഇപ്പോള്‍ അദ്ദേഹം സ്വീകരിച്ച നിലപാടിനെ നല്ല നിലപാടായിട്ടാണ് കാണേണ്ടത്. ഇന്നത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സ്വരമാണ് എ.വി ഗോപിനാഥിന്റേത്’, വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വിജയരാഘവന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ നേതാക്കന്മാരുടെ വാലായി നടക്കുന്നവരാണ് നേതൃത്വത്തിലെത്തുന്നതെന്നും ഡി.സി.സി വിവാദം കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ നിയമന വിവാദങ്ങളോടെ കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പുണ്ടായിരുന്നത് അഞ്ചായി വളര്‍ന്നു. ഗ്രൂപ്പ് സമതവാക്യങ്ങളിലുണ്ടായ പുതിയ മാറ്റങ്ങള്‍ യുഡിഎഫിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

എ.വി ഗോപിനാഥിന്റെ രാജി തീരുമാനം സ്വാഗതാര്‍ഹമാണെന്ന നിലപാടാണ് പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റിയും പരസ്യമായി അറിയിച്ചിരിക്കുന്നത്. തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നതുകൊണ്ടും കോണ്‍ഗ്രസിന്റെ പൊളിഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ തുറന്നുകാണിച്ചതുകൊണ്ടും ഗോപിനാഥിന് അനഭിമതനായി മാറേണ്ടിവന്നു എന്നതാണ് മനസ്സിലാക്കുന്നതെന്ന് സിപിഐഎം പത്രക്കുറിപ്പില്‍ പറയുന്നു. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യവാദികള്‍ക്കും ഒന്നിച്ച് അണിനിരക്കാന്‍ കഴിയണം. അതിന് സഹായകരമായ തീരുമാനം അദ്ദേഹം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നെന്നും വ്യക്തമാക്കിയാണ് സിപിഐഎം പത്രക്കുറിപ്പ് അവസാനിപ്പിച്ചത്.

Also Read: ‘എന്തിന് കോണ്‍ഗ്രസ് വിട്ടെന്ന് കരുണാകരന്റെ ആത്മാവ് ചോദിച്ചാല്‍…’; സുധാകരന്‍ വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എ.വി ഗോപിനാഥ്

എന്നാല്‍, ഗോപിനാഥിനെ അനുരഞ്ജിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനെ ശരിവെച്ചെന്നോണം ഗോപിനാഥിന്റെ പ്രതികരണങ്ങളും എത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നുമാണ് നിലപാട് മയപ്പെടുത്തി ഗോപിനാഥ് ഏറ്റവുമൊടുവില്‍ അറിയിച്ചിരിക്കുന്നത്. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണങ്ങളിലായാണ് ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച രാത്രിയോടെ ഉമ്മന്‍ ചാണ്ടി പാലക്കാട് നേരിട്ടെത്തി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.