അമ്പലപ്പുഴയിലെ വീഴ്ച; ജി സുധാകരനെതിരെ സിപിഐഎം നടപടി, പരസ്യ ശാസന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ പ്രചരണത്തില്‍ വീഴ്ചവരുത്തിയെന്ന റിപ്പോര്‍ട്ടില്‍ മുന്‍മന്ത്രി ജി സുധാകരനെതിരെ അച്ചടക്ക നടപടിയുമായി സിപിഐഎം. കണ്ടെത്തലുകളില്‍ സുധാകരനെ പരസ്യമായി ശാസിക്കാനാണ് പാര്‍ട്ടി തീരുമാനം. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാമിന്റെ പ്രചാരണത്തില്‍ സുധാകരന്‍ വീഴ്ച വരുത്തിയെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ട് സിപിഐഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിതല നടപടി.

അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ സുധാകരന്‍ തയ്യാറെടുത്തിരുന്നെന്നും എന്നാല്‍, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നുമാണ് പ്രധാന ആരോപണം. എച്ച് സലാമിനെതിരായ പോസ്റ്റര്‍ പ്രചാരണമുണ്ടായപ്പോള്‍ ചെറുക്കാന്‍ രംഗത്തെത്തിയില്ല, തെരഞ്ഞെടുപ്പുകാലത്തെ സമ്പത്തിക ഞെരുക്കത്തില്‍ ധനസമാഹരണത്തിനെത്തിയില്ല, സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ തക്ക നടപടികളിലേക്ക് കടന്നില്ല തുടങ്ങിയ ഗുരുതര വീഴ്ചകള്‍ സുധാകരന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. സുധാകരന്‍ പങ്കെടുത്ത യോഗത്തില്‍ത്തന്നെയാണ് പരസ്യശാസനയ്ക്കുള്ള തീരുമാനമെടുത്തത്.

സിപിഐഎം നേതാക്കളായ എളമരം കരീം, കെ.ജെ തോമസ് എന്നിവരടങ്ങുന്ന കമ്മീഷനാണ് അന്വേഷണം നടത്തിയത്. സ്ഥാനാര്‍ത്ഥിയെയോ പാര്‍ട്ടിയേയോ വിജയിപ്പിക്കാന്‍ തക്കവണ്ണമുള്ള പ്രവര്‍ത്തനം സുധാകരന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന ആരോപണം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ത്തന്നെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണമന്വേഷിക്കാന്‍ സിപിഐഎം രണ്ടംഗ കമ്മീഷനെ നിയമിച്ചത്.

ജി സുധാകരനെതിരെ സിപിഐഎം എടുക്കുന്ന രണ്ടാമത്തെ നടപടിയാണിത്. നേരത്തെ, വിഭാഗീയതയുടെ ഘട്ടത്തില്‍ സുധാകരനെതിരെ നടപടി സ്വീകരിച്ചിരുന്നു.