മമത ബാനര്‍ജിക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സിപിഐഎം; മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സിപിഐഎം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മണ്ഡലത്തില്‍ ശ്രീജീബ് ബിശ്വാസാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ഇടതുപക്ഷം പ്രഖ്യാപിച്ചു. സാംസര്‍ഗഞ്ച് മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ മൊഹമ്മദ് മൊദാസര്‍ ഹുസൈനും ജംഗിപൂരില്‍ ആര്‍എസ്പിയുടെ ജാനേ ആലം മിയാനും സ്ഥാനാര്‍ത്ഥികളാവും.

ഭവാനിപൂരില്‍ മത്സരിക്കാനില്ലെന്ന് ചൊവ്വാഴ്ച കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളാവാന്‍ പരിഗണിക്കാവുന്ന കുറച്ചു പേരുകള്‍ എ.ഐ.സി.സി നേതൃത്വത്തിന് നല്‍കിയ ശേഷമാണ് പിന്‍മാറിയത്.

എ.ഐ.സി.സി നേതൃത്വം ഭവാനിപൂരില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. ബിജെപിയെ ഒരു തരത്തിലും സഹായിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നായിരുന്നു കാരണമായി പറഞ്ഞതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു.

മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ ബിജെപിയെ അത് സഹായിച്ചേക്കാം. അതിനാലാണ് പാര്‍ട്ടി അത് വേണ്ടെന്ന് തീരുമാനിച്ചതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമിലാണ് മമത ബാനര്‍ജി മത്സരിച്ചിരുന്നത്. മത്സരത്തില്‍ പരാജയപ്പെട്ട മമതക്ക് മുഖ്യമന്ത്രിയായി തുടരുന്നതിനായി ഭവാനിപൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സ്ഥാനം ഒഴിഞ്ഞിരുന്നു. അതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.