മണിക് സര്‍ക്കാരിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; ത്രിപുരയില്‍ രണ്ടിടത്ത് ബിജെപി-സിപിഐഎം സംഘര്‍ഷം

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടിടത്തായാണ് സംഘര്‍ഷം നടന്നത്.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാര്‍ സ്വന്തം മണ്ഡലമായ ധന്‍പൂരിലെ കത്താലിയയിലെത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതായിരുന്നു സംഘര്‍ഷത്തിന് കാരണം.

രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മണിക് സര്‍ക്കാരിന്റെ വാഹന വ്യൂഹത്തെ തടഞ്ഞതോടെ സി.പി.ഐ.എം പ്രവര്‍ത്തകരും തടിച്ചുകൂടുകയും മണിക് സര്‍ക്കാറിന് സംരക്ഷണ കവചം ഒരുക്കുകയുമായിരുന്നു. ഇതോടെയാണ് സംഘര്‍ഷമുണ്ടായത്.

10ലധികം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പരിപാടി നടത്തരുതെന്ന് മണിക് സര്‍ക്കാരിനോടും എം.എല്‍.എ ശ്യാംലാല്‍ ചക്രവര്‍ത്തിയോടും പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ പരിപാടി സ്ഥലം മാറ്റി.

ധന്‍പൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ സിപിഐഎം പ്രവര്‍ത്തകര്‍ മനുഷ്യചങ്ങല തീര്‍ക്കുകയായിരുന്നു. അവിടേക്കും ബിജെപി പ്രവര്‍ത്തകരെത്തിയതോടെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു.