ഒരു വര്‍ഷം മുമ്പ്, രാജ്യം കൊവിഡില്‍ വലഞ്ഞ് ആരോഗ്യ സംവിധാനങ്ങള്‍ ശുഷ്കമായ ഘട്ടത്തിലാണ് ഡോ ഫുവാദ് ഹാലിമും അദ്ദേഹത്തിന്റെ ഡയാലിസിസ് സേവനങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. മിക്ക ആശുപത്രികളിലും 1200 മുതല്‍ 2000 രൂപ വരെ തുക ഈടാക്കുന്ന ഡയാലിസിസ് ചികിത്സയ്ക്ക് അമ്പതുരൂപമാത്രം ഈടാക്കിയായിരുന്നു ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഡോക്ടറായ ഫുവാദ് ഹാലിം ആധുനിക ചികിത്സാ രംഗത്തെ ഹീറോയായത്. കൊവിഡ് ഭീതി സാധാരണക്കാരെ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നത് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഹാലിമിന്റെ പ്രവര്‍ത്തനം. കൊവിഡ് പോസിറ്റീവായവരും അല്ലാത്തവരുമായ അദ്ദേഹത്തിന്റെ രോഗികളാകളില് ഭൂരിഭാഗവുമാവട്ടെ, സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കാവസ്ഥയില്നിന്നുള്ളവരും.
നോര്‍ത്ത് കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റില്‍ വളരെ പരിമിതമായ സാഹചര്യങ്ങളോടുകൂടിയ ക്ലിനിക്കില്‍ തുച്ഛമായ നിരക്കില്‍ ഡയാലിസിസ് ചെയ്തുകൊടുക്കുന്ന ഈ കമ്മ്യൂണിസ്റ്റ് ഡോക്ടര്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികൂടിയാണ്.
കൊവിഡ് രോഗികള്‍ക്ക് പ്ലാസ്മ ദാനം നല്‍കുന്നതടക്കം കഴിഞ്ഞ ഏഴുമാസത്തിലധികമായി നിരവധി കാര്യങ്ങളാണ് ഹാലിം ചെയ്യുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഹാലിമിനെ കൊവിഡ് പിടികൂടിയിരുന്നു. കൊവിഡും ജീവനുമായുള്ള പോരാട്ടത്തില്‍ രണ്ടാഴ്ച അദ്ദേഹം ഐസിയുവില്‍ കഴിഞ്ഞു. ഓഗസ്റ്റില്‍ കൊവിഡിനെ ശരീരത്തില്‍നിന്നും തുരത്തി തിരിച്ചെത്തി. സെപ്തംബറില്‍ ആദ്യമായി പ്ലാസ്മ ദാനം ചെയ്തായിരുന്നു അഭിനന്ദാര്‍ഹമായ തീരുമാനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ആന്റിബോഡികള്‍ വഹിക്കുന്ന മനുഷ്യ രക്തത്തിലെ ഒരു ഘടകമാണ് പ്ലാസ്മ. കോവിഡ് ചികിത്സയില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആരോഗ്യവാനായ ഒരു വ്യക്തിക്ക് ഓരോ 15 ദിവസം കൂടുമ്പോഴും പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയും. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച് ഒരു മാസത്തിന് ശേഷവും ദാതാവിന് പ്ലാസ്മ നല്കാന് കഴിയും. കൊവിഡ് മുക്തനായ ശേഷമുള്ള ഏഴുമാസം കൊണ്ട് ഡോ ഹാലിം ഏഴു തവണയാണ് പ്ലാസ്മ ദാനം ചെയ്തത്.
‘ഡോ ഫുവാദ് ഹാലിം ഇതിനോടകം ഏഴുതവണയാണ് പ്ലാസ്മ ദാനം ചെയ്തത്. ഇത് അവരെ അപൂര്‍വവും സവിശേഷവുമായ കാര്യമാണ്. ആന്റിബോഡിയുടെ അളവ് കൂടുതലുള്ള ആര്‍ക്കും പ്ലാസ്മദാനം ചെയ്യാം. എന്നാല്‍ ഏഴുതവണ നല്കി എന്നത് അസാധാരണമാണ്. അദ്ദേഹത്തിന്റെ രക്തത്തില്‍ കൂടിയ അളവില്‍ ആന്റിബോഡികളുണ്ട്. അതുകൊണ്ടാണ് പ്ലാസ്മ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ മടിക്കാത്തത്. നിരവധി ജീവനുകളെയാണ് അദ്ദേഹം ഇതിനോടകം രക്ഷിച്ചത്’, കൊല്‍ക്കത്ത മെഡിക്കല്‍ കോളെജ് തലവന്‍ പ്രസൂണ്‍ ഭട്ടാചാര്യ പറയുന്നു.
കൊവിഡ് വാക്സിന് സ്വീകരിച്ചയാള്‍ക്ക് 28 ദിവസത്തേക്ക് പ്ലാസ്മ നല്കാന് കഴിയില്ല. അതുകൊണ്ടുതന്നെ ഡോ ഹാലിം ഇതുവരെ വാക്സിന് സ്വീകരിച്ചിട്ടുമില്ല.
പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ഏറ്റവുമധികം കാലം സ്പീക്കര്‍ സ്ഥാനത്തിരുന്ന ഹാഷിം അബ്ദുള്‍ ഹാലിമിന്റെ മകനാണ് ഡോ ഫുവാദ് ഹാലിം. ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി സൗത്ത് കൊല്‍ക്കത്തയിലെ ബല്ലിഗഞ്ചില്നിന്നാണ് ജനവിധി തേടുന്നത്.
എന്നാല്‍, ഹാലിമിനെ തെരഞ്ഞെടുപ്പ് പ്രപചരണ റാലികളിലെവിടെയും കാണാനുണ്ടായിരുന്നില്ല. അദ്ദേഹം കൊവിഡ് ബോധവല്‍ക്കരണം നടത്തുന്നതിന്റെ തിരക്കുകളിലായിരുന്നു. ചെറുറാലികള്‍ നടത്തുന്നതിലും ഓണ്‍ലൈന്‍ ക്യാമ്പയിനുകളിലുമാണ് തന്റെ പാര്‍ട്ടി ശ്രദ്ധ ചെലുത്തിയതെന്നാണ് ഇതിന് ഹാലിമിന്റെ വാദം.
‘ജീവിതത്തില്‍ എനിക്ക് രണ്ട് കാഴ്ചപ്പാടുകളാണുള്ളത്- ഒന്ന് രാഷ്ട്രീയക്കാരനും രണ്ടാമത്തേത് ആരോഗ്യപ്രവര്‍ത്തകനും. ഇവയ്ക്ക് രണ്ടിനും അന്തര്‍ലീനമായി കിടക്കുന്ന ഒരു സമാനതയുണ്ട്. ജനങ്ങളെ സേവിക്കാനാണ് ഞാന്‍ രാഷ്ട്രീയക്കാരനായത്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് ഞാന്‍ പരിശീലനം നേടിയ ഡോക്ടറായത്. എന്റെ ആരോഗ്യം അനുവദിക്കുന്നതുവരെ ഞാന്‍ പ്ലാസ്മ ദാനം ചെയ്യും’, ഡോ ഹാലിം നിശ്ചയദാര്‍ഢ്യത്തോടെ പറയുന്നു.
ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം ഒരു നിശ്ചിത അളവുമായി പൊരുത്തപ്പെടുകയും ശരീരത്തിലെ മറ്റ് മെഡിക്കല്‍ പാരാമീറ്ററുകള്‍ പരസ്പര പൂരകമാവുകയും ചെയ്താല്‍ ഒരു വ്യക്തിക്ക് പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയുമെന്നാണ് ഹാലിം അഭിപ്രായപ്പെടുന്നത്. ‘എന്റെ ശരീരത്തിലെ ആന്റിബോഡികളുടെ അളവ് നിലവില്‍ ഉയര്‍ന്ന നിലയിലാണുള്ളത്. ഇപ്പോള്‍ ഞാന്‍ പ്ലാസ്മ ദാനം ചെയ്യാന്‍ യോഗ്യനാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി പ്ലാസ്മ നല്‍കിയത്. ആരോഗ്യത്തിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ അടുത്ത 14 ദിവസം കഴിയുമ്പോള്‍ വീണ്ടും നല്‍കും’, ഹാലിം വ്യക്തമാക്കി. കൊല്‍ക്കത്ത മെഡിക്കല്‍ കോളെജിലെത്തിയാണ് ഹാലിം ഓരോ 15ാം ദിവസവും പ്ലാസ്മ ദാനം ചെയ്യുന്നത്.
പ്ലാസ്മ ഒരു വര്‍ഷം വരെ സൂക്ഷിച്ചുവെക്കാന്‍ കഴിയുമെന്നും 500 മില്ലിലിറ്റര്‍ പ്ലാസ്മ ഉപയോഗിച്ച് രണ്ടോ മൂന്നോ ജീവനുകള്‍ രക്ഷിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കഴിയുന്നതിന്റെ പരമാവധിത്തവണ പ്ലാസ്മ ദാനം ചെയ്തതിന് ശേഷം മാത്രമേ താന്‍ കൊവിഡ് വാക്സിന് സ്വീകരിക്കൂ എന്നാണ് ഹാലിമിന്റെ പക്ഷം. ‘കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ സമാനതകളില്ലാത്ത ദുരിതത്തിലൂടെ കടന്നുപോയിക്കുന്നു. മാര്‍ച്ച് ഒന്നിന് ശേഷം കൊവിഡ് ബാധിച്ചവര്‍ക്ക് മെയ്യില്‍ മാത്രമേ പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയൂ എന്നാണ് പ്രോട്ടോക്കോള്‍. അതേസമയം, പ്ലാസ്മയുടെ ആവശ്യം കുതിച്ചുയരുകയുമാണ്. എനിക്ക് കുറച്ച് ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍, ഇനിയും പ്ലാസ്മ ദാനം ചെയ്യുന്നതില്‍ ഞാന്‍ അത്യധികം സന്തോഷവാനാണ്’, ഹാലിം പറയുന്നു.
കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിന്റെ പശ്ചാത്തലത്തില്‍ ഡോ ഹാലിമിന്റെ ടീമിലുള്ള ഡോക്ടര്‍മാര്‍ ആദ്യം ചെയ്യുന്നത് വരുന്ന രോഗികളില്‍ കൊവിഡ് പരിശോധന നടത്തലാണ്. ആര്‍ക്കെങ്കിലും കൊവിഡ് പോസിറ്റീവ് ആണെങ്കില്‍ അവരെ കൊവിഡ് ചികിത്സ നല്കുന്ന എംആര്‍ ബംഗൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും. രണ്ടാഴ്ചയ്ക്ക് ശേഷം ഇവരെ വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാണ് ഡയാലിസിസ് നടത്തുക.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഹാലിം സിപിഐഎം ടിക്കറ്റില്‍ ഡയമണ്ട് ഹാര്‍ബറില്‍നിന്നും ജനവിധി തേടിയിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തിരവന് അഭിഷേക് ബാനര്‍ജിയോട് എട്ട് ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.