ന്യൂഡല്‍ഹി: കേരള ഘടകത്തിന്റെ വിമര്‍ശനങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം തുടരാമെന്ന പൊതുനിലപാടിലേക്ക് സിപിഐഎം കേന്ദ്രകമ്മിറ്റി. അടവുനയമാകാമെന്ന ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ നിലപാട് തുടരാം. ബിജെപിയെ ചെറുത്തുതോല്പിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഇതിനായി പ്രാദേശിക തലത്തില്‍ മതേതര-ജനാധിപത്യ കക്ഷികളെ ഒന്നിപ്പിക്കണമെന്നും കേന്ദ്രകമ്മിറ്റി ധാരണയിലെത്തി.
രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രേഖയിലാണ് കോണ്‍ഗ്രസുമായുള്ള ധാരണ തുടരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചൂടുപിടിച്ചത്. മൃദുഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന വാദമായിരുന്നു കേരളാ ഘടകത്തിന്റേത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ബിജെപിയെ നേരിടാന്‍ കഴിയില്ലെന്നായിരുന്നു കേരളാഘടകം വാദിച്ചത്. ആന്ധ്ര, തെലങ്കാന,ഡല്‍ഹി ഘടകങ്ങളും ഈ അഭിപ്രായത്തെ പിന്തുണച്ചിരുന്നു.
എന്നാല്‍, ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവുനയത്തില്‍ പുനരാലോചന നടത്തേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. ബിജെപിക്കെതിരെ വിശാലമായ മതേതര-ജനാധിപത്യ ചേരി എന്നതാണ് അടവുനയം. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ ഭരണവര്‍ഗ പാര്‍ട്ടിയായി ബിജെപി മാറിയെന്ന വസ്തുത കാണാതിരുന്നുകൂടാ. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് കാലത്തേതിനേക്കാള്‍ ഗുരുതരമായ അവസ്ഥയിലാണ് രാജ്യമെന്നിരിക്കെ, പാര്‍ലമെന്ററി അടവുനയത്തിലെ പുനഃപരിശോധനയല്ല ആവശ്യമെന്നും യെച്ചൂരി വിശദീകരിച്ചിരുന്നു. തുടര്‍ന്നും വാദപ്രതിവാദങ്ങളുണ്ടായി.
ഒടുവില്‍, ബിജെപി രാജ്യത്തുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന ധാരണയിലേക്ക് കമ്മിറ്റി എത്തുകയായിരുന്നു. എന്നാല്‍, ഐക്യസഖ്യത്തില്‍ കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച പോവുന്ന സ്ഥിതിവിശേഷമുണ്ടാവരുതെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. നാളെയും തുടരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയ്ക്ക് അന്തിമ രൂപം നല്‍കും.