ഒഴിവാക്കിയത് എന്തിന്? കെകെ ശൈലജയെ മാറ്റിയത് സിപിഐഎം കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജയെ ഇടംനല്‍കാതിരുന്നത് അടുത്ത സിപിഐഎം കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തോട് പല മുതിര്‍ന്ന നേതാക്കള്‍ക്കും വിയോജിപ്പുണ്ടെന്നാണ് വിവരം. പിണറായി വിജയനും കെകെ ശൈലജയും ഒഴികെ ബാക്കിയുള്ളവര്‍ പുതുമുഖങ്ങളാവും എന്നതായിരുന്നു കേന്ദ്രനേതാക്കളുടെ താല്‍പര്യം.

ശൈലജയെ ഒഴിവാക്കിയതില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ചൊവ്വാഴ്ച തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു. പൊളിറ്റ് ബ്യൂറോയിലെ മറ്റ് ചില അംഗങ്ങള്‍ക്കും തീരുമാനത്തോട് അതൃപ്തിയുണ്ടെന്നാണ് വിവരം.

കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയെ ഇത്തവണ പാര്‍ട്ടി വിപ്പായിട്ടാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട എന്ന തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നാണ് സിപിഐഎം ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍ ഉറപ്പിച്ച് പറയുന്നത്. പാര്‍ട്ടി എടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോവില്ല. അത് പാര്‍ട്ടിയുടെ സംഘടനാപരവും രാഷ്ട്രീയപരവുമായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെകെ ശൈലജയെ മന്ത്രിസഭയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാമ്പയിനുകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു വിജയരാഘവന്റെ മറുപടി. ‘അതൊക്കെ നിങ്ങള്‍ പറയുന്നതല്ലാതെ എനിക്ക് അതിനെക്കുറിച്ച് അറിയില്ല. എനിക്ക് പാര്‍ട്ടി എടുത്ത തീരുമാനങ്ങളെക്കുറിച്ചേ പറയാന്‍ കഴിയൂ. ബാക്കിയുള്ളതിനെക്കുറിച്ച് എനിക്ക് പറയാന്‍ പറ്റില്ല’, വിജയരാഘവന്റെ വാക്കുകള്‍ ഇങ്ങനെ.

തീരുമാനങ്ങള്‍ അന്തിമമാണോ എന്ന ചോദ്യത്തിന്, അതിന് സംശയമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്തിന്റെ താല്‍പര്യ ങ്ങള്‍ക്ക് പരിഗണന കൊടുക്കേണ്ടതുണ്ട്. ആ നിലയില്‍ ഗൗരവപൂര്‍വം ആലോചിച്ചാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.