ബിജെപിയെ തോല്‍പ്പിച്ച് വിജയം; 15 വര്‍ഷങ്ങള്‍ക്ക് ശേഷം സിപിഐഎം അസം നിയമസഭയിലേക്ക്

ഗുവാഹത്തി: പതിനഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം അസം നിയമസഭയില്‍ ഇക്കുറി സിപിഐഎം എംഎല്‍എയുണ്ടാവും. അസമില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പത്ത് പാര്‍ട്ടികളുടെ സഖ്യമായ മഹാസഖ്യത്തില്‍ സിപിഐഎമ്മും ഉണ്ടായിരുന്നു.

സിപിഐഎമ്മിന്റെ മനോരഞ്ജന്‍ താലൂക്ക്ദാറാണ് ഇത്തവണ വിജയിച്ചു കയറിയത്. സോര്‍ബോഗ് മണ്ഡലത്തില്‍ ബിജെപിയുടെ ശങ്കര്‍ ചന്ദ്ര ദാസിനെയാണ് പരാജയപ്പെടുത്തിയത്. 10,262 വോട്ടുകള്‍ക്കാണ് വിജയം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടതുകോട്ടയായിരുന്ന സോര്‍ഭോഗ് ഇടക്ക് കൈവിട്ടു പോവുകയായിരുന്നു. 2006ലായിരുന്നു സിപിഐഎമ്മിന്റെ അവസാന ജയം.

2011ല്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ രഞ്ജീത്ത് കുമാര്‍ സോര്‍ഭോഗ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2016ല്‍ മണ്ഡലം അദ്ദേഹം നിലനിര്‍ത്തി. ഇക്കുറി തോല്‍വിയെ തിരിച്ചറിഞെന്നോണം രഞ്ജീത്ത് കുമാര്‍ മണ്ഡലം മാറിയാണ് മത്സരിച്ചത്.

സിപിഐ, സിപിഐഎം, സിപിഐഎംഎല്‍ ലിബറേഷന്‍ എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റിലാണ് മത്സരിച്ചത്. മറ്റ് രണ്ട് പാര്‍ട്ടികളും മത്സരിച്ച സീറ്റുകളില്‍ മൂന്നാം സ്ഥാനത്താണെത്തിയത്.

നേരത്തെ സംസ്ഥാനത്തിന്റെ ചില പോക്കറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍ക്ക് സ്വാധീനമുണ്ടായിരുന്നു. 1996-2001 കാലയളവില്‍ പ്രഫുല്ല കുമാര്‍ മഹന്ത നേതൃത്വം നല്‍കിയ സര്‍ക്കാരില്‍ ഇടതുപാര്‍ട്ടികള്‍ ഭാഗമായിരുന്നു.

2016ല്‍ സംസ്ഥാനത്തെ മൂന്ന് ഇടതുപാര്‍ട്ടികളും ആകെ 41 സീറ്റുകളില്‍ മത്സരിച്ചിരുന്നു. എങ്കിലും ആരെയും വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2006ല്‍ സിപിഐഎം രണ്ട് സീറ്റുകളിലും സിപിഐ ഒരു സീറ്റിലും വിജയിച്ചിരുന്നു.