ധീരജ് വധം: രാഷ്ട്രീയ വിരോധമെന്ന് എഫ്ഐആർ; കൊമ്പുകോർത്ത് സിപിഐഎമ്മും കോൺഗ്രസ്സും

ഇടുക്കി എഞ്ചിനീയറിങ് കോളെജിലെ എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്ഐആർ. സംഭവത്തിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിനെതിരെ കേസ്.

കൊലപാതകത്തിൽ കോൺഗ്രസിനെതിരെ കടുത്ത പരാമർശവുമായി സിപിഐഎം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസിൽ ‘സുധാകരനിസമാണ്’ വാഴുന്നതെന്ന ആക്ഷേപമുയർത്തുന്ന നേതാക്കൾ പിടിയിലായ നിഖിൽ പൈലി കെപിസിസി അധ്യക്ഷനുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്നും ആരോപിക്കുന്നു.

രക്തദാഹിയായ രാഷ്ട്രീയക്കാരനാണ് കെ. സുധാകരനെന്നാണ് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം പ്രതികരിച്ചത്. കൊലപാതകത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും റഹീം പറഞ്ഞു. ‘സുധാകരനിസത്തിന്റെ എഫക്ടാണിത്. കൊലവിളിയും കൊലപാതകവും ആയുധവുമില്ലാതെ സുധാകരന് രാഷ്ട്രീയ പ്രവര്‍ത്തനമറിയില്ല,’ എന്ന് റഹീം ആരോപിക്കുന്നു.

ധീരജിന്റേത് ആസൂത്രിത കൊലപാതകമാണെന്നാണ് എസ്എഫ്‌ഐ നിലപാട്. അക്രമം നടത്താൻ സുധാകരൻ ആഹ്വാനം ചെയ്തുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രെട്ടറി കെ.എം സച്ചിൻ ദേവ് ആരോപിക്കുന്നു.

സുധാകരനും കടുത്ത ഭാഷയിൽ തിരിച്ചടിച്ചു. കൊലപാതകത്തെ കോൺഗ്രസ് ന്യായീകരിക്കില്ലെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ കേരളത്തിലെ കാമ്പസുകളിലെ കൊലപാതക കണക്കുകളെടുത്താൽ ആരാണ് അക്രമകാരികളെന്ന് മനസിലാകുമെന്ന് പറഞ്ഞു. കാമ്പസുകളിൽ ഏറ്റവും കൂടുതൽ രക്തസാക്ഷികളായത് കെഎസ്‍യു പ്രവർത്തകരാണെന്നും ആക്രമണത്തിനു കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത് എവിടെയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

“കെഎസ്‌യുവും കോൺഗ്രസും എവിടെയാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്തത്. ഓരോ കലാലയങ്ങളും നിങ്ങൾ പരിശോധിക്കണം ആരാണ് അവിടെ ആക്രമണം ഉണ്ടാക്കുന്നത്. കെഎസ്‌യു ആണോ? എസ്എഫ്ഐ ആണോ? എന്നിട്ട് വേണം സുധാകരനു നേരെ വരാനും സുധാകരനെ പഴിചാരാനും,” എന്ന് സുധാകരൻ മറുപടി പറയുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് അക്രമം നടന്നത്. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിനിടയിലാണ് സംഭവം. ധീരജിന്റെ മൃതദേഹം കണ്ണൂർ തളിപ്പറമ്പിലെ വീടിന് സമീപം ചൊവ്വാഴ്ച്ച വൈകുന്നേരം സംസ്‌കരിക്കും.