‘സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസുമായും ബിജെപിയുമായും കൈകോര്‍ത്തു’; ജി സുകുമാരന്‍ നായരെ വിടാതെ പിടികൂടി സിപിഐഎം, ഇക്കുറി ലേഖനം

തിരുവനന്തപുരം: എന്‍സ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെയുള്ള പോര് കനപ്പിച്ച് സിപിഐഎം. പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യുഡിഎഫ് രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് എന്‍എസ്എസ് കൂട്ടുനിന്നെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാ ഘവന്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചു. ഇക്കാര്യത്തിനുവേണ്ടി ജി സുകുമാരന്‍ നായര്‍ പ്രസ്താവനകളിറക്കി. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ കോണ്‍ഗ്രസുമായും ബിജെപിയുമായും സുകുമാരന്‍ നായര്‍ കൈകോര്‍ത്തെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

‘ഇടതു തുടര്‍ഭരണം ഒഴിവാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതുപോലെ കോണ്‍ഗ്രസ്, ലീഗ്, ജമാഅത്തെ ഇസ്ലാമി സഖ്യം വിപുലീകരിച്ച് ബിജെപിയുമായി വോട്ടുകച്ചവടം നടത്തുകയെന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കേരളത്തില്‍ ശ്രമവുമുണ്ടായി. വലിയതോതില്‍ കള്ളപ്പണം കേരളത്തിലേക്ക് കുഴല്‍പ്പണമായി ഒഴുകി. ജനവിധി അട്ടിമറിക്കാനാണ് ഇതിലൂടെ കേന്ദ്രാധികാരത്തിലുള്ള ബിജെപി ശ്രമിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്നപോലെ ശബരിമല സ്ത്രീപ്രവേശന വിഷയം വീണ്ടും ഉന്നയിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ശ്രമം നടന്നു’, വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പിന് കേരളത്തില്‍ എത്തിയ മോഡി-അമിത് ഷാ ദ്വയം പ്രചാരണയോഗങ്ങളില്‍ ശരണം വിളിച്ചതും രാഷ്ട്രീയ ലാഭത്തിനായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘റോഡ്ഷോയുമായി വന്ന രാഹുല്‍-പ്രിയങ്ക സഹോദരങ്ങള്‍ മുഖ്യശത്രുവായി പിണറായി വിജയനെയാണ് അടയാളപ്പെടുത്തിയത്. ഇതും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഈ അട്ടിമറിശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യപ്രസ്താവനകളുമായി രംഗത്തുവന്നത്’, വിജയരാഘവന്‍ പറഞ്ഞു.