തൊടുപുഴ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സിപിഐഎം നേതാക്കള്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ അന്വേഷണ കമ്മീഷന് മൊഴി നല്കി. ദേവികുളം മണ്ഡലത്തിലെ ജില്ലാ-ഏരിയ കമ്മറ്റി അംഗങ്ങളില്‍ നിന്നാണ് കമ്മീഷന് മൊഴിയെടുത്തത്. ഭൂരിപക്ഷം അംഗങ്ങളും രാജേന്ദ്രനെതിരെ മൊഴി നല്‍കിയെന്നാണ് വിവരം.
എംഎല്‍എ എ രാജയെ തോല്പിക്കാന് രാജേന്ദ്രന് ശ്രമിച്ചെന്ന പാരാതി തെരഞ്ഞെടുപ്പിന് പിന്നാലെത്തന്നെ ഉയര്‍ന്നിരുന്നു. രാജയ്ക്ക് വോട്ടുലഭിക്കാതിരിക്കാന് തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ പിളര്‍പ്പിന് ശ്രമിച്ചെന്നും ആരോപണമുണ്ട്.
മുന്‍ എംഎല്‍എയായിരുന്ന തന്നെ പരിഗണിക്കാതെ രാജയ്ക്ക് സീറ്റുകൊടുക്കാന്‍ പാര്‍ട്ടി ശ്രമിച്ചതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചതെന്നാണ് വിവരം. രാജയെ മാറ്റി സ്ഥാനാര്‍ത്ഥിയാകാന്‍ രാജേന്ദ്രന് പല ശ്രമങ്ങളും നടത്തിയിരുന്നു.
രാജയ്ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തി, തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സഹകരിച്ചില്ല, ഭിന്നിപ്പിന് ശ്രമിച്ചു, ജാതി അധിക്ഷേപം നടത്തി തുടങ്ങിയവയാണ് രാജേന്ദ്രനെതിരെയുള്ള ആരോപണങ്ങള്‍. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സിവി വര്‍ഗ്ഗീസും വിഎന്‍ മോഹനനുമാണ് അന്വേഷണ കമ്മീഷനിലുള്ളത്.