അന്വേഷണ റിപ്പോര്‍ട്ടുകളില്‍ നടപടിയാരംഭിച്ച് സിപിഐഎം; അരുവിക്കരയിലെ വീഴ്ചയില്‍ ആദ്യ നീക്കം, വി.കെ മധുവിനെ തരംതാഴ്ത്തി

തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായ നേതാക്കള്‍ക്കെതിരെ നടപടിയാരംഭിച്ച് സിപിഐഎം. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ മധുവിനെതിരെയാണ് ആദ്യ നടപടി. അരുവിക്കരയില്‍ പ്രചാരണത്തില്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തില്‍ മധുവിനെ തരംതാഴ്ത്താനാണ് തീരുമാനം. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തല്‍.

സാധ്യതാ പട്ടികയില്‍ വി.കെ മധുവിനായിരുന്നു മേല്‍ക്കോയ്മയെങ്കിലും ജി സ്റ്റീഫനെയാണ് പാര്‍ട്ടി അരുവിക്കരയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ മധു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനിന്നെന്നാണ് ആരോപണം. കെ.എസ് ശബരീനാഥനെ പരാജയപ്പെടുത്തി യുഡിഎഫില്‍നിന്നും മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് തരംതാഴ്ത്തല്‍ നടപടിയിലേക്ക് പാര്‍ട്ടി കടന്നിരിക്കുന്നത്.

പ്രചാരണത്തിനായി പലതവണ ക്ഷണിച്ചിട്ടും മധു പങ്കെടുക്കാന്‍ തയ്യാറായില്ല. സ്ഥാനാര്‍ത്ഥിയുടെ മണ്ഡല പര്യടനം, വാഹന പര്യടനത്തിന്റെ ഉദ്ഘാടനം, എ വിജരാഘവന്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് ആലോചനായോഗം എന്നിവയില്‍നിന്നടക്കം മധു വിട്ടുനിന്നിരുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെത്തന്നെ മധു വിട്ടുനിന്നെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് പരിശോധിക്കാന്‍ മൂന്നംഗ കമ്മീഷനെ പാര്‍ട്ടി ചുമതലപ്പെടുത്തുകയായിരുന്നു. വീഴ്ച ശരിവെച്ചുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ജില്ലാ കമ്മിറ്റിയാവും അന്തിമ തീരുമാനത്തിലേക്ക് കടക്കുക.

Also Read: ‘അദ്ദേഹം ജനപിന്തുണയുള്ള നേതാവ്’; കോണ്‍ഗ്രസിനെ പഴിച്ചും ഗോപിനാഥിനെ പ്രകീര്‍ത്തിച്ചും എ വിജയരാഘവന്‍

സമാനമായി പരാതിയുയര്‍ന്നിട്ടുള്ള മറ്റ് മണ്ഡലങ്ങളിലെ നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണങ്ങളും പൂര്‍ത്തിയായെന്നാണ് വിവരം. ഘടകകക്ഷികളുടെ പക്കല്‍നിന്നും നേതാക്കള്‍ പണം വാങ്ങിയെന്നതടക്കമുള്ള ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് അവലോകന റിപ്പോര്‍ട്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നിര്‍ണായക നടപടികളിലേക്ക് നീങ്ങാനാണ് സിപിഐഎം തീരുമാനമെന്നാണ് വിവരം.