‘ജോജുവിനെ ഒത്തുതീര്‍പ്പില്‍ നിന്ന് പിന്തിരിപ്പിച്ചത് സിപിഐഎം’; നടന്‍ സദാചാര പൊലീസ് ചമയുന്നെന്ന് കെ ബാബു

കൊച്ചി: വൈറ്റില റോഡ് ഉപരോധത്തേത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എ കെ ബാബു. സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചത് ജോജുവാണെന്ന് കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. ജോജു ജോര്‍ജ് സദാചാര പൊലീസ് ചമയുകയാണ്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ഒത്തുതീര്‍പ്പില്‍ നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഐഎം ആണെന്നും മുന്‍ മന്ത്രി ആരോപിച്ചു.

ഒത്തുതീര്‍പ്പിന് തയ്യാറായ ജോജു പെട്ടെന്ന് നിലപാട് മാറ്റിയതിന് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന് എറണാകുളം ഡിസിസി അദ്ധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പ്രതികരിച്ചിരുന്നു. ഇനി ജോജു മാപ്പ് പറയട്ടെയെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഷിയാസ് പറഞ്ഞു.

ജോജുവിന്റെ കാര്‍ തടഞ്ഞ് ചില്ലുതകര്‍ത്ത കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷെരീഫിനെയാണ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍പ് അറസ്റ്റിലായ ഐഎന്‍ടിയുസി നേതാവ് പി ജെ ജോസഫിന്റെ മൊഴി പ്രകാരമാണ് അറസ്റ്റെന്ന് പൊലീസ് പ്രതികരിച്ചു.

കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയടക്കുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചില്ലുതകര്‍ക്കല്‍ കേസില്‍ പ്രതികളാണ്. കേസില്‍ അറസ്റ്റ് ആരംഭിച്ചതോടെ നടനുമായി കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. ജോജുവിന്റെ സഹപ്രവര്‍ത്തകര്‍ മുഖേനയായിരുന്നു നീക്കം. ധാരണയിലെത്താന്‍ തയ്യാറാണെന്ന സൂചനകള്‍ക്കിടെ നടന്‍ നിലപാട് കടുപ്പിച്ചു. കാര്‍ നന്നാക്കിക്കൊടുക്കുന്നതിനൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി മാപ്പ് പറയണമെന്ന് ജോജു ആവശ്യപ്പെട്ടു. ജോസഫിന്റെ ജാമ്യാപേക്ഷയില്‍ കക്ഷി ചേര്‍ന്ന ജോജു തനിക്കെതിരെ വ്യക്തിയധിക്ഷേപം തുടരുകയാണെന്നും കോടതി ഇടപെടണമെന്നും ആവശ്യപ്പെടുകയുണ്ടായി.

ഇന്ധന വിലവര്‍ധനക്കെതിരെ വൈറ്റിലയില്‍ നടത്തിയ ഉപരോധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഏറ്റെടുത്ത് നടത്താന്‍ എറണാകുളം ഡിസിസി തീരുമാനമെടുത്തിട്ടുണ്ട്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ സിപിഐഎം ഒത്താശയോടെ പൊലീസ് പ്രതികാര രാഷ്ട്രീയം നടത്തുകയാണെന്ന് ഡിസിസി നേതൃയോഗം വിലയിരുത്തി. ഇത് ജനമധ്യത്തില്‍ തുറന്നുകാണിക്കാന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് തുടര്‍ പ്രക്ഷോഭം ശക്തമാക്കാനും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തീരുമാനിച്ചു.