ജയിച്ച അമ്പലപ്പുഴയിലെ ‘വീഴ്ച’ പഠിക്കാന്‍ സിപിഐഎം അന്വേഷണം തുടങ്ങുന്നു; തെളിവുനല്‍കാന്‍ സുധാകരനെത്തി

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അമ്പലപ്പുഴയില്‍ വീഴ്ച സംഭവിച്ചെന്ന ആരോപണത്തില്‍ സിപിഐഎം അന്വേഷണം ആരംഭിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെജെ തോമസ് എന്നിവര്‍ ചേര്‍ന്നുള്ള കമ്മീഷനാണ് അന്വേഷണം നടത്തുന്നത്. തെളിവെടുപ്പിനായി ഇവര്‍ അമ്പലപ്പുഴയിലെത്തി. ജി സുധാകരന്‍ കമ്മീഷന് മുന്നില്‍ തെളിവുനല്‍കാനെത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുന്‍ മന്ത്രികൂടിയായ ജി സുധാകരനടക്കം വീഴ്ച സംഭവിച്ചെന്നാണ് ആരോപണം. അമ്പലപ്പുഴയില്‍ ഇക്കുറി സുധാകരന് സീറ്റ് നല്‍കിയിരുന്നില്ലെങ്കിലും മത്സരിച്ച എച്ച് സലാം വിജയിച്ചിരുന്നു. എന്നാല്‍ സലാമിന് ഭൂരിപക്ഷത്തില്‍ കുറവുണ്ടായത് സുധാകരന്‍ അടക്കമുള്ളവരുടെ വീഴ്ചയാണെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ത്തന്നെ ഈ ആരോപണം ഉയര്‍ന്നിരുന്നു.

ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും നേതാക്കള്‍ സുധാകരന്റെ വീഴ്ച ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ആരിഫ് എംപിയും സലാം എംഎല്‍എയുമടക്കം ജില്ലാ കമ്മിറ്റിയില്‍ സുധാകരനെതിരെ തിരിഞ്ഞിരുന്നു. അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥി എസ്ഡിപിഐക്കാരനാണെന്ന എതിര്‍പക്ഷത്തിന്റെ പ്രചാരണം തടയാന്‍ ഒന്നും ചെയ്തില്ല, സീറ്റ് നിഷേധിച്ചതിലെ വിയോജിപ്പ് പ്രചരണ സമയത്ത് പരസ്യമാക്കി, കുടുംബ യോഗങ്ങളിലെ ശരീരഭാഷ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു, വികസന രേഖ പുറത്തിറക്കിയില്ല തുടങ്ങിയവയായിരുന്നു സുധാകരനെതിരെ ജില്ലയില്‍നിന്നുയര്‍ന്ന പ്രധാന പരാതികള്‍. തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിലേക്ക് ഈ പരാതികള്‍ ഉന്നയിക്കപ്പെടുകയും പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയുമായിരുന്നു.

തെരഞ്ഞെടുപ്പ് വിശകലനം ചെയ്യാന്‍ ചേര്‍ന്ന ജില്ലാ നേതൃ യോഗങ്ങളിലും തുടര്‍ന്ന് നടന്ന സംസ്ഥാന കമ്മിറ്റിയിലും സുധാകരന്‍ പങ്കെടുത്തിരുന്നില്ല. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് സുധാകരന്‍ അന്ന് ആയുര്‍വേദ ചികിത്സയ്ക്ക് പ്രവേശിച്ചു.

Also Read: ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും; അനന്യയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍

കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി തരംതാഴ്ത്തലുണ്ടായാല്‍ സുധാകരന് പിന്നെ പാര്‍ട്ടിയില്‍ തുടരുക സാധ്യമായേക്കില്ലെന്നാണ് വിലയിരുത്തല്‍. സുധാകരന്റെ ശൈലികളെ ഉദ്ധരിച്ചാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. സിപിഐഎം രീതി അനുസരിച്ച് ഇടഞ്ഞു നില്‍ക്കുന്ന സുധാകരനോടൊപ്പം നില്‍ക്കാന്‍ ആരുമുണ്ടായേക്കില്ലെന്നും സൂചനയുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് വലിയ വിജയം നേടിക്കൊടുത്ത ജില്ലയാണ് ആലപ്പുഴ. എന്നിരുന്നിട്ടും ആലപ്പുഴയില്‍, പ്രത്യേകിച്ച് പാര്‍ട്ടി തോല്‍ക്കാത്ത അമ്പലപ്പുഴയില്‍ തോല്‍വി പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചതിന് പിന്നില്‍ ആലപ്പുഴ സിപിഐഎമ്മില്‍ തഴച്ചുനില്‍ക്കുന്ന വിഭാഗീയത തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.