രാജയെ തോല്‍പിക്കാന്‍ ജാതി പറഞ്ഞ് പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിച്ചു; മുന്‍ എംഎല്‍എക്കെതിരെ സിപിഐഎം അന്വേഷണം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണത്തില്‍ ദേവികുളം മുന്‍ എംഎല്‍എയ്‌ക്കെതിരെ സിപിഐഎം അന്വേഷണം. മുന്‍ എംഎല്‍എയും പാര്‍ട്ടി നേതാവുമായ എസ് രാജേന്ദ്രനെതിരെയാണ് അന്വേഷണം. എംഎല്‍എ എ രാജയെ തോല്‍പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചെന്ന തപാരാതി തെരഞ്ഞെടുപ്പിന് പിന്നാലെത്തന്നെ ഉയര്‍ന്നിരുന്നു.

രാജയ്ക്ക് വോട്ടുലഭിക്കാതിരിക്കാന്‍ തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ പിളര്‍പ്പിന് ശ്രമിച്ചെന്നും ആരോപണമുണ്ട്. മുന്‍ എംഎല്‍എയായിരുന്ന തന്നെ പരിഗണിക്കാതെ രാജയ്ക്ക് സീറ്റുകൊടുക്കാന്‍ പാര്‍ട്ടി ശ്രമിച്ചതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചതെന്നാണ് വിവരം. രാജയെ മാറ്റി സ്ഥാനാര്‍ത്ഥിയാകാന്‍ രാജേന്ദ്രന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു.

രാജയ്‌ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തി, തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സഹകരിച്ചില്ല, ഭിന്നിപ്പിന് ശ്രമിച്ചു, ജാതി അധിക്ഷേപം നടത്തി തുടങ്ങിയവയാണ് രാജേന്ദ്രനെതിരെയുള്ള ആരോപണങ്ങള്‍. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സിവി വര്‍ഗ്ഗീസും വിഎന്‍ മോഹനനുമാണ് അന്വേഷണ കമ്മീഷനിലുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുതര ആരോപണങ്ങളുയര്‍ന്ന മണ്ഡലങ്ങൡ അന്വേഷണ കമ്മീഷനെ നിയോഗിച്ചുള്ള പരിശോധനകള് സിപിഐഎം ആരംഭിച്ചുകഴിഞ്ഞു. നേരത്തെ എം സ്വരാജ് പരാജയപ്പെട്ട തൃപ്പൂണിത്തുറയിലെ റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് സമര്‍പ്പിച്ചിരുന്നു. ജി സുധാകരന്‍ സഹകരിച്ചില്ലെന്ന ആരോപണമുയര്‍ന്ന അമ്പലപ്പുഴയില്‍ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങിയിട്ടുമുണ്ട്. സുധാകരന്‍ ശനിയാഴ്ച കമ്മീഷന് മുന്നില്‍ ഹാജറായിരുന്നു. തനിക്ക് സ്വാധീനമുള്ള മേഖലകളില്‍ വോട്ടുചോര്‍ച്ചയുണ്ടായിട്ടില്ലെന്ന വിശദീകരണമാണ് സുധാകരന്‍ കമ്മീഷന് മുന്നില്‍ വെച്ചതെന്നാണ് വിവരം.