‘കൊലപാതകികള്‍ വിഗ്രഹം, കൊലയാളിക്ക് ചുവപ്പ് പരവതാനി’; ടിപി വധത്തില്‍ ശിക്ഷിക്കപ്പെട്ട ഷാഫി കുഞ്ഞനന്തന്‍ സ്മാരകത്തില്‍ നില്‍ക്കുന്ന ചിത്രം ചൂണ്ടി പി സി വിഷ്ണുനാഥ്

കൊലപാതകികളെ വിഗ്രഹവത്കരിക്കുകയും കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷാഫി, പി കെ കുഞ്ഞനന്തന്‍ സ്മാരകത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതികരണം. ഇതിലൂടെ സിപിഐഎം പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്ന് പി സി വിഷ്ണുനാഥ് ചോദിച്ചു.

ഗൗരവം അത് മാത്രമല്ല കുഞ്ഞനന്തന്‍ ഗൂഢാലോചനയാണ് നടത്തിയതെങ്കില്‍, കുറ്റകൃത്യം നേരിട്ട് നടത്തിയതിന് കോടതി ശിക്ഷിച്ച പ്രതി ഷാഫിയാണ് സ്മൃതി മണ്ഡപത്തിന് മുമ്പില്‍ നില്‍ക്കുന്നത്.

പി സി വിഷ്ണുനാഥ്

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ കോടതി വിചാരണ നടത്തി വ്യക്തമായ പങ്ക് തെളിയിക്കപ്പെട്ടതിന്റെ പേരില്‍ ശിക്ഷിച്ച പ്രതിയാണ് പി കെ കുഞ്ഞനന്തന്‍. കുഞ്ഞനന്തനെ അന്ന് മുതല്‍ വീരപുരുഷനായാണ് സി പി എം കൊണ്ടാടുന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാന്‍ ഗൂഢാലോചന നടത്തിയതിനെ പാര്‍ട്ടി മഹത്വവത്കരിക്കുകയാണെന്നും കോണ്‍ഗ്രസ് എംഎല്‍എ കുറ്റപ്പെടുത്തി.

പി കെ കുഞ്ഞനന്തന്‍ ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. വലതുപക്ഷ ഗൂഢാലോചനയുടെ ഇരയാണ് പികെ കുഞ്ഞനന്തന്‍. വലതുപക്ഷ മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടി. എന്നിട്ടും അചഞ്ചലമായ കമ്മ്യൂണിസ്റ്റ് നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ അദ്ദേഹം മുന്നോട്ടു നയിച്ചു. കുഞ്ഞനന്തന്‍ യുവതലമുറയ്ക്ക് മാര്‍ഗവെളിച്ചമാണെന്നും ഇ പി ജയരാജന്‍ പ്രസംഗിച്ചു. പി കെ കുഞ്ഞനന്തന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പാനൂര്‍ പാറാട്ടില്‍ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുന്‍മന്ത്രിയുടെ പ്രതികരണം.