‘കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടി, സഹകരണം എന്തിന്?’; സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ ഐക്യ സഖ്യത്തെ കടന്നാക്രമിച്ച് കേരള ഘടകം

ന്യൂഡല്‍ഹി: ബിജെപി വിരുദ്ധ ചേരിയില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുന്നതിനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ കേരളാഘടകം. കോണ്‍ഗ്രസ് സഹകരണം പാര്‍ട്ടിക്ക് തിരിച്ചടിയാകും. വര്‍ഗ്ഗീയതയ്ക്ക് കീഴടങ്ങിയ നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും കേരളാഘടകം വാദിച്ചെന്ന് ഡല്‍ഹി വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസും മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ തലത്തില്‍ ബിജെപിയെ എങ്ങനെ രാഷ്ട്രീയപരമായി നേരിടണം എന്നതാണ് കേന്ദ്രകമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ടകളിലൊന്ന്. കോണ്‍ഗ്രസുമായുള്ള സഖ്യത്തെ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കേരളത്തില്‍നിന്നുള്ള നേതാക്കള്‍ മുന്നോട്ടുവെച്ചിരിക്കുന്ന വാദം. പൊളിറ്റ് ബ്യൂറോ യോഗത്തിലും കേരളാഘടകം ഇതേ വിഷയം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ബിജെപിയെ നേരിടാന്‍ കഴിയില്ലെന്നാണ് കേരളാഘടകത്തിന്റെ നിലപാട്. ആന്ധ്ര, തെലങ്കാന,ഡല്‍ഹി ഘടകങ്ങളും ഈ അഭിപ്രായത്തെ പിന്തുണച്ചെന്നാണ് വിവരം.

വര്‍ഗ്ഗീയതയോട് കീഴടങ്ങിയ നിലപാടാണ് കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തി ബിജെപിക്കെതിരെ പോരാടുന്നത് രാഷ്ട്രീയമായി വിജയം കാണില്ല. കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് സാധാരണമായിരിക്കുകയാണ് തുടങ്ങിയ കാര്യങ്ങാണ് കേരളാഘടകം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇവയുടെയെല്ലാം പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്ത് എങ്ങനെ ഒരു വിശാല സഖ്യത്തിന് മുന്നിട്ടിറങ്ങും എന്ന ചോദ്യവും നേതാക്കളുന്നയിച്ചു.

ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് നേരിട്ട തിരിച്ചടി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇത്തരത്തില്‍ ബിജെപി വിരുദ്ധ ചേരിയില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുന്നതിനെതിരെ രൂക്ഷമായ വാദപ്രതിവാദമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പതിവിന് വിപരീതമായി പി.ബി റിപ്പോര്‍ട്ടിനെ എതിര്‍ത്തുള്ള അഭിപ്രായപ്രകടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രകമ്മിറ്റിയിലുയര്‍ത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എന്നാല്‍, ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവുനയത്തില്‍ പുനരാലോചന നടത്തേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം. ബിജെപിക്കെതിരെ വിശാലമായ മതേതര-ജനാധിപത്യ ചേരി എന്നതാണ് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുള്ള അടവുനയം. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ ഭരണവര്‍ഗ പാര്‍ട്ടിയായി ബിജെപി മാറിയെന്ന വസ്തുത കാണാതിരുന്നുകൂടാ. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് കാലത്തേതിനേക്കാള്‍ ഗുരുതരമായ അവസ്ഥയിലാണ് രാജ്യമെന്നിരിക്കെ, പാര്‍ലമെന്ററി അടവുനയത്തിലെ പുനഃപരിശോധനയല്ല ആവശ്യമെന്നും യെച്ചൂരി വിശദീകരിച്ചു.

സീതാറാം യെച്ചൂരി

കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിക്കൊണ്ടുതന്നെ ബിജെപിയെ ചെറുത്തുതോല്‍പിക്കാനുള്ള ഐക്യനിരയെ പടുത്തുയര്‍ത്തുകയാണ് അനിവാര്യമെന്ന അഭിപ്രായമാണ് തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര, ബീഹാര്‍, യു.പി ഘടകങ്ങള്‍ മുന്നോട്ടുവെച്ചത്. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയ കരടിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ഇതാവും അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുക.