ജഹാംഗീര്‍പുരിയില്‍ ബൃന്ദ മാത്രം; ചോദ്യമുനയില്‍ കോണ്‍ഗ്രസും ലീഗും

ഡല്‍ഹി ജഹാംഗീര്‍പുരിയിലെ അനധികൃത കുടിയൊഴിപ്പിക്കല്‍ നടപടിയെ ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ കയറിനിന്നു തടഞ്ഞ സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ടിന്റെ ഇടപെടല്‍ ആഘോഷമാക്കുകയാണ് സിപിഐഎം. ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ കോടതി ഉത്തരവ് വീശി നില്‍ക്കുന്ന ബൃന്ദ കാരാട്ടിന്റെ ചിത്രങ്ങള്‍ ഇടതു പ്രൊഫൈലുകളില്‍ മാസ് ബിജിഎമ്മുകളില്‍ പ്രചരിക്കുമ്പോള്‍ അതിനൊപ്പം സിപിഐഎം നേതാവിന്റെ ഒറ്റയാള്‍ ചെറുത്തുനില്‍പ്പിന് രാഷ്ട്രീയ വ്യത്യാസമില്ലാതെ വലിയ പൊതു പിന്തുണ ലഭിക്കുന്നുമുണ്ട്.

ഇതിനിടെ ബൂത്തിലിരിക്കാന്‍ ആളില്ലാത്ത പാർട്ടിയെന്ന് തങ്ങളെ പരിഹസിച്ചവർ രാജ്യതലസ്ഥാനത്ത് ഇത്തരമൊരു നടപടിയുണ്ടായപ്പോള്‍ എവിടെയായിരുന്നു എന്ന ചോദ്യവും സിപിഐഎം ഉയർത്തുന്നുണ്ട്. ദേശീയതലത്തില്‍ തങ്ങളാണ് നേതാക്കളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം മാത്രമല്ല, കേരളത്തില്‍ നിന്ന് പാർലമെന്റിലേക്ക് പോയ കോണ്‍ഗ്രസ് – മുസ്ലിംലീഗ് നേതാക്കളും ചോദ്യമുനയിലാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അയച്ച മുസ്ലിംലീഗിന്റെ മൂന്ന് എംപിമാരില്‍ ആരെയും സ്ഥലത്ത് കണ്ടില്ലായിരുന്നു. നേതാക്കളുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയായാണ് ഉണ്ടായതെന്ന് തുറന്നടിച്ച് ഒരു കൂട്ടം പ്രവർത്തകർ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്നുണ്ട്.

മുതിർന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന്റെ അടക്കം ഇടപെടലിലാണ് നടപടി നിർത്തിവെച്ചുകൊണ്ടുള്ള കോടതി വിധിയുണ്ടായതെന്നാണ് കോണ്‍ഗ്രസിന്റെ പിടിവള്ളി. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് എല്ലായിടത്തും ഓടിയെത്തിയിരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ട്വിറ്ററില്‍ പ്രതിഷേധമൊതുക്കിയത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും പ്രവർത്തകർക്കും ഒരുപോലെ ക്ഷീണമായിട്ടുണ്ട്.

ബൃന്ദ കാരാട്ടിന്റെ ഇടപെടല്‍ ഉണ്ടാകുന്നതുവരെ ഡല്‍ഹി സര്‍ക്കാരോ, ആം ആദ്മി നേതൃത്വമോ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ലായിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളോ സ്ഥലം എംഎല്‍എയും മന്ത്രിയുമായ സഞ്ജയ് ഝായോ സ്ഥലം സന്ദര്‍ശിച്ചിട്ടുമില്ലായിരുന്നു. അങ്ങനെ ബിജെപി വിരുദ്ധ മതനിരപേക്ഷ ചേരി മാറിനില്‍ക്കെ, 74 കാരിയായ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം നടത്തിയ ഇടപെടല്‍ വലിയ ഉണർവ്വായാണ് ഇടതുപക്ഷം നിരീക്ഷിക്കുന്നത്.

ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടിയില്‍ ലഭിച്ച ഹർജികളില്‍ രണ്ടാഴ്ച കഴിഞ്ഞ് വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി അതുവരെ കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന് വ്യാഴാഴ്ച ഉത്തരവിട്ടിട്ടുണ്ട്. ഒപ്പം കോടതി ഉത്തരവ് മറികടന്നുണ്ടായ പൊളിക്കല്‍ നടപടികള്‍ക്കെതിരെ ബൃന്ദ കാരാട്ട് നല്‍കിയ ഹർജി പ്രത്യേകമായി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത കയ്യേറ്റം ഒഴിപ്പിക്കുകയാണെന്ന മറവിൽ ഇപ്പോള്‍ നടക്കുന്ന നടപടി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ആക്ട്-1957 ന്റെയും ഭരണഘടന അനുശാസിക്കുന്ന സ്വാഭാവിക നീതിയുടെയും ലംഘനമാണെന്ന് കാണിച്ചായിരുന്നു ഹർജി. ഇതോടെ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ തുടരാനാണ് സിപിഐഎം ലക്ഷ്യംവയ്ക്കുന്നത്.

ഏപ്രില്‍ 20-ജഹാംഗീര്‍പുരി

ബുധനാഴ്ച രാവിലെ 9.30 യോടെ ആയിരത്തോളം പൊലീസുകാരുടെ കാവലില്‍ ഒമ്പത് ബുള്‍ഡോസറുകള്‍ കൊണ്ടുവന്നാണ് ജഹാംഗീര്‍പുരിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. 10.45 ഓടെ കോടതി നാളെ വിഷയം പരിഗണിക്കുന്നതുവരെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദവെ, സഞ്ജയ് ഹെഡ്‌ഗെ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവുണ്ടായത്. എന്നാല്‍ ഉത്തരവ് വന്ന് ഒരു മണിക്കൂറിനുശേഷവും പൊളിക്കല്‍ നടപടികള്‍ തുടര്‍ന്നു. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് മുനിസിപ്പല്‍ കൗണ്‍സിലും, മുന്‍സിപ്പല്‍ കൗണ്‍സിലില്‍ നിന്ന് അറിയിക്കുന്നതുവരെ നടപടി നിര്‍ത്താനാകില്ലെന്ന് ഡല്‍ഹി പൊലീസും നിലപാടെടുത്തതോടെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണുകൊണ്ടിരുന്നു. ഇതിനിടെയാണ് ഉത്തരവിന്റെ പതിപ്പുമായി ബൃന്ദ കാരാട്ട് ജഹാംഗീര്‍പുരിയിലെത്തിയത്.

12.30 ഓടെ സ്ഥലത്ത് എത്തിയ ബൃന്ദ കാരാട്ട് കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോടും മുനിസിപ്പല്‍ അധികൃതരോടും നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ച നടത്തുകയും ചെയ്തു. ‘നിയമവിരുദ്ധമായ പൊളിച്ചുനീക്കലിലൂടെ നിങ്ങള്‍ നിയമവും ഭരണഘടനയും തകര്‍ത്തു കഴിഞ്ഞു, എന്നാല്‍ ഈ കോടതി ഉത്തരവിനെ ബുള്‍ഡോസ് ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല’ സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് വീശിക്കൊണ്ട് വൃദ്ധ കാരാട്ട് പറഞ്ഞു.

ഒടുവില്‍ ഉത്തരവിന്റെ കോപ്പിയുമായി ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ വട്ടം കയറി നിന്ന് പൊളിക്കല്‍ നടപടി തടഞ്ഞു. ‘നടപടി നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്, ആ ഉത്തരവ് നടപ്പിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത്’ ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ നിന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ജഹാംഗീര്‍പുരി പള്ളിയുടെ മതില്‍ തകര്‍ക്കുന്നതിനിടയിലായിരുന്നു ഇടപെടല്‍. ഇതോടെ പൊളിക്കല്‍ നടപടികള്‍ അവസാനിപ്പിച്ച് മുനിസിപ്പല്‍ കൗണ്‍സില്‍ പിന്‍വാങ്ങി. സുപ്രിംകോടതിയുടെ അടുത്ത ഉത്തരവ് കാത്തിരിക്കണമെന്നും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ബൃദ്ധ കാരാട്ട് ആഹ്വാനം ചെയ്തു.

ജഹാംഗീര്‍പുരിയിലെ നിയമവിരുദ്ധ നടപടിക്കെതിരെ ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിനെ പ്രശംസിച്ച് കെ കെ ശൈലജ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ പ്രതികരിച്ചു. രാജ്യത്താകമാനം സംഘ്പരിവാര്‍ അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ട ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്തുന്നതിനായി സി പി ഐഎമ്മും ഇടതുപക്ഷവും നടത്തുന്ന ശ്രമങ്ങളുടെ ഒരു അടയാളമാണ് ജഹാംഗിര്‍പുരിയിലേതെന്നായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം.

നടപടികളുടെ തുടക്കം

ഏപ്രില്‍ 16 ന് വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ജഹാംഗീര്‍പുരിയില്‍ നടത്തിയ ഹനുമാന്‍ ജയന്തി ഘോഷയാത്ര കല്ലേറിലും അക്രമത്തിലുമായിരുന്നു കലാശിച്ചത്. ഇതിന്റെ പ്രതികാര നടപടിയാണ് ന്യൂനപക്ഷവിഭാഗങ്ങളുടെ കെട്ടിടങ്ങള്‍ മാത്രം ലക്ഷ്യംവച്ചുള്ള ഒഴിപ്പിക്കല്‍ നടപടിയെന്ന് ആരോപണമുയർന്നിരുന്നു.

സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് പ്രശ്‌നമുണ്ടാക്കിയത് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരാണെന്നും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ അതിലുണ്ടെന്നും ബിജെപി പ്രചാരണം ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ജഹാംഗീര്‍പുരി പ്രദേശത്തെ ‘കലാപക്കാരുടെ’ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ക്കും മേയര്‍ക്കും കത്തയച്ചു. പിന്നാലെ ഒഴിപ്പിക്കല്‍ നടപടിക്ക് ഒരുങ്ങിയ കോര്‍പ്പറേഷന്‍ കുറഞ്ഞത് 400 പൊലീസ് ഉദ്യോഗസ്ഥരെങ്കിലും കാവലിന് വേണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് പുറത്തുവന്നു.

പൊലീസില്‍ നിന്നും സുരക്ഷ അനുവദിച്ചതോടെ ബംഗാളി മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലിയിലേക്ക് ബുള്‍ഡോസറുകളുമായെത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നടപടി ആരംഭിക്കുകയായിരുന്നു. കുശാല്‍ചൗക്കിലെ തെരുവുകച്ചവടക്കാരെയാണ് ആദ്യം ഒഴിപ്പിച്ചത്. പിന്നീട് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ത്തു. ബൃന്ദ കാരാട്ടിന്റെ ഇടപെടലുണ്ടായപ്പോഴേക്കും ജഹാംഗീര്‍പുരിയിലെ പള്ളിക്ക് സമീപമുള്ള 12ഓളം കെട്ടിടങ്ങള്‍ തകര്‍ത്തുകഴിഞ്ഞിരുന്നു.