ഐഎസ്എഫുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത് ബംഗാളിലെ സിപിഐഎം നേതാക്കള്‍; സഖ്യം നീണ്ടുനില്‍ക്കുമോ?

കൊല്‍ക്കത്ത: ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഐഎമ്മും കോണ്‍ഗ്രസും മുസ്‌ലിം മതപണ്ഡിതന്‍ അബ്ബാസുദ്ദീന്‍ സിദ്ധിഖി പുതുതായ രൂപീകരിച്ച ഐഎസ്എഫും ചേര്‍ന്ന് രൂപീകരിച്ച സംയുക്ത മോര്‍ച്ചക്ക് ഒരു സീറ്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. മമത ബാനജി നേതൃത്വം നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ തൂത്തുവാരുകയായിരുന്നു. ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതുപക്ഷത്തിനോ കോണ്‍ഗ്രസിനോ നിയമസഭയില്‍ സീറ്റില്ലാതെ പോകുന്നത്.

ഇതാദ്യമായി പരാജയപ്പെട്ട സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പലരും ഐഎസ്എഫുമായുള്ള സഖ്യത്തെ എതിര്‍ത്ത് രംഗതെത്തി. സിലിഗുരി സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ട മുന്‍ മന്ത്രി അശോക് ഭട്ടാചാര്യ, റൈധിഖി മണ്ഡലത്തില്‍ പരാജയപ്പെട്ട മറ്റൊരു മന്ത്രി കാന്തി ഗാംഗുലി, തന്‍മോയ് ഭട്ടാചാര്യ എന്നിവരാണ് ഐഎസ്എഫ് ബന്ധത്തെ ചോദ്യം ടചെയ്ത് രംഗതെത്തിയത്.

ഐഎസ്എഫുമായുള്ള ബന്ധം പുന:പരിശോധിക്കുക തന്നെ വേണം. ജനങ്ങള്‍ ഈ ബന്ധത്തെ സ്വീകരിച്ചോ?. മുകള്‍തട്ടില്‍ നിന്നും ആരാണോ ഇത്തരം തീരുമാനങ്ങള്‍ എടുത്തതെങ്കില്‍ അവര്‍ മറുപടി പറയുക തന്നെ വേണമെന്നും തന്‍മോയ് ഭട്ടാചാര്യ പറഞ്ഞു. പൊതു ഇടത്തില്‍ ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയതിന് വിശദീകരണം നല്‍കാന്‍ സിപിഐഎം തന്‍മോയ് ഭട്ടാചാര്യയോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

മറ്റ് സിപിഐഎം നേതാക്കളും ഐഎസ്എഫുമായുള്ള ബന്ധത്തില്‍ അതൃപ്തരാണെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം. അബ്ബാസ് സിദ്ധിഖിയുടെ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നതിനാല്‍ സിപിഐഎമ്മിന്റെ വലിയ വിഭാഗം വോട്ടര്‍മാര്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെന്നാണ് അവരുടെ പക്ഷം.

ഐഎസ്എഫിന് മാത്രമാണ് സഖ്യത്തില്‍ ഒരു സീറ്റ് ലഭിച്ചത്. കോണ്‍ഗ്രസിനും സിപിഐഎമ്മിനും സീറ്റ് ലഭിക്കാത്തതിന് തങ്ങളെ കുറ്റം പറയേണ്ടതില്ലെന്നാണ് അവരുടെ പ്രതികരണം.

തങ്ങളൊരു മതേതര പാര്‍ട്ടിയാണ്. ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തുന്നതിന് വേണ്ടി തങ്ങള്‍ ഇടതുമുന്നണിയോടൊപ്പം കൈകോര്‍ത്തു. ഇടതുപക്ഷത്തിന് വിജയിക്കാന്‍ കഴിയാത്തതിന് തങ്ങളെ എങ്ങനെ കുറ്റം പറയാനാകുമെന്ന് ഐഎസ്എഫിന്റെ ഒരു മുതിര്‍ന്ന നേതാവ് ചോദിച്ചു.

ഐഎസ്എഫുമായുള്ള ബന്ധത്തെ കുറിച്ച് സിപിഐഎം നേതാക്കളില്‍ എതിര്‍പ്പ് ഉയരവേ വരുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സഖ്യം ഉണ്ടാവുമോ എന്ന ചോദ്യം ഇപ്പോഴെ ഉയര്‍ന്നുകഴിഞ്ഞു.