കൊച്ചി: വിവാദങ്ങള്‍ക്കിടെ സിപിഐഎം സംഘത്തിന് ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ച് ദ്വീപ് ഭരണകൂടം. വി ശിവദാസന്‍, എഎം ആരിഫ് എന്നിവര്‍ക്കാണ് സന്ദര്‍ശനാനുമതി നിഷേധിച്ചത്. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സിപിഐഎം സംഘം ദ്വീപ് സന്ദര്‍ശനത്തിന് തയ്യാറെടുത്തത്.
അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേഷന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് സിപിഐഎം നേതാവും എംപിയുമായ എളമരം കരീം അറിയിച്ചു. ദ്വീപില്‍ സന്ദര്‍ശനാനുമതി നിഷേധിച്ച് ശനിയാഴ്ച ഉത്തരവിറങ്ങിയിരുന്നു. യഥാര്‍ത്ഥ വസ്തുത ജനം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് അനുമതി നിഷേധിച്ചിരിക്കുന്നതെന്നും എളമരം കരീം ചൂണ്ടിക്കാട്ടി.
‘ലക്ഷദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്ട്രേറ്റര്‍ക്ക് കീഴില്‍ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട് മനസിലാക്കാനും കേരളത്തില്‍ നിന്നുള്ള സിപിഐഎം എംപിമാരുടെ പ്രതിനിധി സംഘം ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. ഞാനും, വി ശിവദാസന്‍, എഎം ആരിഫ് എന്നിവരും ഉള്‍പ്പെടെയുള്ള സംഘത്തിന് ദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് അപേക്ഷയും സമര്‍പ്പിച്ചിരുന്നു. ഈ യാത്ര ഏതുവിധേനെയും മുടക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ആദ്യം മുതലേ ശ്രമിച്ചുകൊണ്ടിരുന്നത്’, എളമരം കരീം പറഞ്ഞു.
ദ്വീപില്‍ ഇപ്പോള്‍ എന്ത് നടക്കുന്നു എന്ന് പുറം ലോകം അറിയുന്നതിനെ ഇവര്‍ക്ക് ഭയമാണ്. ഒരു ജനതയെ ആകെ ബന്ദികളാക്കി കിരാത നിയമങ്ങളും ഏകപക്ഷീയമായ പരിഷ്കാരങ്ങളും അടിച്ചേല്‍പ്പിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍ അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലക്ഷദ്വീപില്‍ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ സന്ദര്‍ശകപാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്ട്രേഷന് ഉത്തരവിട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും.
Also Read: ലക്ഷദ്വീപില്‍ നാളികേര ഷെഡ്ഡുകളും പൊളിക്കാന്‍ ഉത്തരവ്, നിയമനടപടിക്കൊരുങ്ങി കര്‍ഷകര്‍
ലക്ഷദ്വീപിലെ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ സംഘം ദ്വീപിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കവെയാണ് കേന്ദ്രത്തിന്റെ അടിയന്തിര ഉത്തരവ് വന്നിരിക്കുന്നത്. ശനിയാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച മുതല്‍ വിലക്ക് ഏര്പ്പെടുത്തിത്തുടങ്ങുകയാണ്. ലക്ഷദ്വീപില്‍ കേന്ദ്രം നയം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകരെ വിലക്കിയിരിക്കുന്നത്.
സന്ദര്‍ശക പാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം മടങ്ങണമെന്നാണ് നിര്‍ദ്ദേശം. ഇത്തരത്തില്‍ എത്തിയിട്ടുള്ളവരെ പൊലീസ് ഉടന്‍ കണ്ടെത്തണമെന്നും ഉത്തരവില്‍ പറയുന്നു.