തിരുവല്ല: തിരുവല്ല പെരിങ്ങരയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ് കുമാര്‍ വെട്ടേറ്റുമരിച്ചു. വ്യാഴ്ച രാത്രിയോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സന്ദീപിനെ മൂന്ന് ബൈക്കുകളിലായെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സന്ദീപിന്റെ അയല്‍വാസിയും കേസിലെ മുഖ്യപ്രതിയുമായ ഇരുപത്തിമൂന്നുകാരന് ജിഷ്ണു, സുഹൃത്ത് പ്രമോദ്, നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒരാള്‍ ഒളിവിലാണ്. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവര്ക്കൂടി പിടിയിലായേക്കുമെന്നാണ് വിവരം.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലില് സിപിഐഎം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ നെടുമ്പ്രം ചാത്തങ്കരിമുക്കിന് സമീപത്തായാണ് അക്രമമുണ്ടായത്. സന്ദീപിന്റെ ബൈക്കിന് കുറുകെ വണ്ടിനിര്‍ത്തിയ അക്രമി സംഘം അദ്ദേഹത്തെ വെള്ളക്കെട്ടിലേക്ക് ചവിട്ടി വീഴ്ത്തിയ ശേഷം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിനും നെഞ്ചിനും വെട്ടേറ്റ സന്ദീപ് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്നും ആക്രമിച്ചെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സന്ദീപിന്റെ നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ദേഹമാസകലം ഒമ്പത് വെട്ടുകളുണ്ട്.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട സന്ദീപും പിടിയിലായ ജിഷ്ണുവും തമ്മില്‍ വ്യക്തി വൈരാഗ്യമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ജിഷ്ണുവിന്റെ അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കുതര്ക്കമുണ്ടായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. പ്രദേശത്ത് രാഷ്ട്രീയ വൈരാഗ്യങ്ങളോ പകപോക്കലുകളോ ഇല്ലായിരുന്നെന്നാണ് പ്രാദേശിക നേതാക്കളില്‍നിന്നും ലഭിക്കുന്ന വിവരം.
പിടിയിലായ ജിഷ്ണു ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും വിവിധ കേസുകളില്‍പ്പെട്ട് ജയിലിലായിരുന്നെന്നും സിപിഐഎം പ്രാദേശിക നേതൃത്വം പറയുന്നു. സന്ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് ആരോപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും രംഗത്തെത്തിയിട്ടുണ്ട്. ബിജെപി വിട്ട് പലരും ഇടതുപക്ഷത്തേക്കെത്തിയതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായ സന്ദീപ് മുന്‍ ഗ്രാമപഞ്ചായത്തംഗം കൂടിയാണ്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനുമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.