‘എ പ്ലസിന് അനുസരിച്ച് സീറ്റുണ്ടോയെന്ന് പരിശോധിച്ചില്ല’; പ്ലസ് വണ്‍ പ്രതിസന്ധിയില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ സിപിഐഎം എം.എല്‍.എമാരുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തതയില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ സിപിഐഎം നിയമസഭാ കക്ഷി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. എ പ്ലസ് കണക്കിനനുസരിച്ച് സീറ്റുണ്ടോ എന്ന് പരിശോധിച്ചില്ല, സംസ്ഥാനമൊട്ടാകെ ഒരു യൂണിറ്റായി എടുത്തു തുടങ്ങിയ വിമര്‍ശനങ്ങളാണ് എം.എല്‍.എമാര്‍ യോഗത്തില്‍ ഉന്നയിച്ചത്.

2019-20 അധ്യയന വര്‍ഷത്തിലുണ്ടായതിനെക്കാളും ഒന്നര ഇരട്ടിയിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ എ പ്ലസ് ലഭിച്ചത്. അതായത്, കഴിഞ്ഞ തവണത്തേതിനേക്കാളും ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് മാര്‍ക്ക് ലഭിച്ചു. എന്നാല്‍, ഇതിന് ആനുപാതികമായി പ്ലസ് വണ്‍ സീറ്റില്‍ വര്‍ധനവുണ്ടായില്ല. ഇതോടുകൂടി സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എമാര്‍ വിമര്‍ശനമുയര്‍ത്തിയത്.

എ പ്ലസുകളുടെ കണക്കും പ്ലസ് വണ്‍ സീറ്റുകളും സംബന്ധിച്ചുള്ള മനസിലാക്കലുകള്‍ വകുപ്പിനുണ്ടായിരുന്നില്ലേ എന്ന ചോദ്യമാണ് എം.എല്‍.എമാരുന്നയിക്കുന്നത്. ഇത്രയധികം കുട്ടികള്‍ക്ക് എ പ്ലസ് ഉണ്ടായ സാഹചര്യത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം ഉയര്‍ത്തണമെന്ന ധാരണയുണ്ടാകാത്തതും ഇവര്‍ ചോദ്യം ചെയ്തു.

സംസ്ഥാനത്തെയൊട്ടാകെ ഒരു യൂണിറ്റായി പരിഗണിച്ചതിനെതിരെയും വിമര്‍ശനമുണ്ട്. ഓരോ ജില്ലകളെയും പ്രത്യേകം പരിഗണിച്ച് സീറ്റ് വിഭജനമുണ്ടാകണമെന്ന നിര്‍ദ്ദേശമാണ് എം.എല്‍.എമാര്‍ മുന്നോട്ടുവെക്കുന്നത്. ഏറ്റവുമധികം കുട്ടികള്‍ക്ക് എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. എന്നാല്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ വലിയ അപര്യാപ്തതയാണ് ഇവിടെയുള്ളത്. ഇത്തരത്തില്‍ ജില്ലകളെ പ്രത്യേകമായി മനസിലാക്കിയുള്ള പരിഹാരമാണ് ആവശ്യമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

വടക്കന്‍ ജില്ലകളില്‍ മാത്രം ഇരുപതിനായിരത്തോളം സീറ്റുകളുടെ കുറവാണുള്ളത്. മുഴുവന്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും സീറ്റ് ലഭിക്കാത്ത അവസ്ഥയുണ്ട്.

വ്യവസായ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിയമസഭയിലെ പരാമര്‍ശത്തിനെതിരെയും എം.എല്‍.എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. എം.എല്‍.എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരരുതെന്ന റിയാസിന്റെ പരാമര്‍ശമാണ് വിമര്‍ശനത്തിന് വിധേയമായത്. മന്ത്രിയുടെ സഭയിലെ പരാമര്‍ശം ജനപ്രതിനിധികളെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് നിയമസഭാ കക്ഷിയോഗത്തില്‍ പാര്‍ട്ടി എം.എല്‍.എമാര്‍ ആരോപിച്ചു. തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് സംസാരിച്ച അഴീക്കോട് എം.എല്‍.എ കെ.വി സുമേഷും കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം ശരിവെച്ച് മന്ത്രിക്കെതിരെയുള്ള വിമര്‍ശനം കനപ്പിച്ചു. മണ്ഡലത്തിലെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ക്ക് കരാറുകാരുമായി ബന്ധപ്പെടേണ്ടി വരുന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ അവരുമായി മന്ത്രിമാരെ കാണേണ്ടതായും വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അതിനെ തെറ്റായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ നിയമസഭയില്‍ വെച്ചുണ്ടാവാന്‍ പാടില്ലായിരുന്നെന്നും എം.എല്‍.എമാര്‍ വിമര്‍ശിച്ചു. വിമര്‍ശനം കടുത്തതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന വിശദീകരണം മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി.