‘ഗവര്‍ണറെ രാഷ്ട്രപതി തടയണം’; മന്ത്രിമാരെ പുറത്താക്കാന്‍ ആരിഫ് മുഹമ്മദ് ഖാന് അധികാരമില്ലെന്ന് സിപിഐഎം പി.ബി

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭീഷണിപ്പെടുത്തലില്‍ രാഷ്ട്രപതി ഇടപെടണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. ഭരണഘടനാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് രാഷ്ട്രപതി ഗവര്‍ണറെ തടയണം. മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും പി.ബി വിലയിരുത്തി.

ഗവര്‍ണര്‍ ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് പി.ബി വ്യക്തമാക്കി. മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരം ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കിയിട്ടില്ല. ഗവര്‍ണര്‍ നേരത്തെ നടത്തിയിട്ടുള്ള പ്രസ്താവനകളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രസ്താവനയും. പദവിക്ക് നിരക്കാത്ത പ്രവണതയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നതെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ ഇത്തരം പ്രസ്താവനകളില്‍ രാഷ്ട്രപതി ഇടപെടണമെന്നും പി.ബി ആവശ്യപ്പെട്ടു.

അന്തസിന് ഇടിവുണ്ടാകുന്ന പരാമര്‍ശങ്ങള്‍ മന്ത്രിമാരില്‍നിന്നുണ്ടായാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നതുവരെയുള്ള നടപടികളേക്ക് കടക്കുമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്. ‘മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അധികാരവുമുണ്ട്. എന്നാല്‍ വ്യക്തികളെന്ന നിലയില്‍ മന്ത്രിമാര്‍ ഗവര്‍ണറുടെ പദവിയെ ഇകഴ്ത്തിക്കാട്ടുന്ന പ്രസ്ഥാനവനകള്‍ മന്ത്രിമാരുടെ മേലുള്ള അഭീഷ്ടം പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ ക്ഷണിച്ചുവരുത്തും’, എന്നാണ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞദിവസം കേരള സര്‍വകലാശാല സെനറ്റില്‍ നിന്നും ഗവര്‍ണര്‍ തന്റെ നോമിനികളായ 15 അംഗങ്ങളെ പിന്‍വലിച്ചിരുന്നു. വൈസ് ചാന്‍സിലര്‍ നിര്‍ണയ സമിതിയിലേക്കുള്ള പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍നിന്നും വിട്ടുനിന്ന അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. ഇതിനെ വിമര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്.

എന്നാല്‍, താനോ മറ്റ് മന്ത്രിമാരോ ഗവര്‍ണറുടെ അന്തസിന് നിരക്കാത്ത പ്രയോഗങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് ആര്‍ ബിന്ദുവിന്റെ പ്രതികരണം. തങ്ങളാരും അങ്ങനെ പ്രശ്‌നമുണ്ടാകുന്ന രീതിയില്‍ സംസാരിക്കാറുമില്ല, സംസാരിച്ചിട്ടുമില്ല. എല്ലാവരും ഏറ്റവും സംയമനപൂര്‍വമാണ് സംസാരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.