‘ഇതിനായിരുന്നുവെങ്കില്‍ ബംഗാളില്‍ ഒറ്റക്ക് മത്സരിച്ചാല്‍ മതിയായിരുന്നല്ലോ?’; പിണറായി വിജയനും കേരളഘടകത്തിനും സിപിഐഎം പിബിയുടെ അഭിനന്ദനം

ന്യൂദല്‍ഹി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയം ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് വെച്ച ബദലിന് ലഭിച്ച അംഗീകാരമാണെന്ന് സിപിഐഎം പിബി. പിണറായി വിജയന്റെ നേതൃത്വത്തിനുള്ള ജനപിന്തുണ കൂടിയാണ് വിജയമെന്നും പിബി വിലയിരുത്തി.

മുഖ്യമന്ത്രി ആരെന്നതില്‍ പ്രത്യേക ചര്‍ച്ച തന്നെ വേണ്ട ആവശ്യമില്ലെന്ന് നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം എന്തെന്നതിനെ കുറിച്ച് ചര്‍ച്ച നടന്നില്ല.

ബിജെപി-കോണ്‍ഗ്രസ് വോട്ട് കച്ചവടത്തിനുള്ള ശ്രമം നടന്നുവെന്നാണ് വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിവരുന്നത് പോലുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടന്നില്ല.

ബംഗാളിലെ തോല്‍വിയും യോഗത്തില്‍ ചര്‍ച്ചയായി. ഇങ്ങനെയൊരു ഫലത്തിന് വേണ്ടിയാണെങ്കില്‍ ഒറ്റക്ക് മത്സരിച്ചാല്‍ മതിയായിരുന്നല്ലോ എന്ന ചോദ്യം പിബിയിലുണ്ടായി. കോണ്‍ഗ്രസും ഐഎസ്എഫും ചേര്‍ന്ന സഖ്യം അമ്പതോളം സീറ്റുകള്‍ നേടുമെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ വിലയിരുത്തല്‍.