മുന്‍ ദേവസ്വം മന്ത്രി കെ കെ ബാലകൃഷ്ണന്റെ പേരിലുള്ള വിക്കിപീഡിയ പേജ് സിപിഐഎം എഡിറ്റ് ചെയ്തെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. പി സരിന്. ദളിതനായ ദേവസ്വം മന്ത്രിയും കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവുമായ അദ്ദേഹത്തിന്റെ പേജ് നിമിഷാ പ്രസാദ് എന്നും അസീദ് കരീം എന്നും പേരുള്ള രണ്ടു വിക്കിപ്പീഡിയ അക്കൗണ്ടുകള്‍ രാവിലെ തിടുക്കത്തില്‍ എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നെന്ന് ഡോ. സരിന് പറഞ്ഞു. ദേവസ്വംമന്ത്രിയായിരുന്നു എന്ന ഒരൊറ്റകാര്യം മാത്രമാണ് എഡിറ്റ് ചെയ്തത്. അല്പസമയത്തിന് ശേഷമാണ് കെ രാധാകൃഷ്ണന് ദേവസ്വം മന്ത്രിയാകുമെന്ന പ്രഖ്യാപനം വരുന്നതും ആദ്യത്തെ ദളിത് ദേവസ്വം മന്ത്രിയെന്ന പ്രചാരണം കൊടുമ്പിരികൊള്ളുന്നത്. ചരിത്രം പോലും തിരുത്തിക്കുറിച്ചുകൊണ്ട് ഇങ്ങനെ പ്ലാന്‍ ചെയ്ത് സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ നടത്തുന്നത് സിപിഐഎമ്മിന്റെ സാധാരണ പ്രവര്‍ത്തകരാണ് എന്ന് വിശ്വസിക്കാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ഇതിന് പിന്നില്‍ വലിയൊരു ടീം പ്രവര്‍ത്തിക്കുന്നില്ല എന്ന് വിശ്വസിക്കുക പ്രയാസം. അവരാണ് ഇനിയങ്ങോട്ട് മലയാളി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും നിശ്ചയിക്കാന്‍ പോകുന്നത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.
ഡോ. സരിന്

ജനവികാരത്തിന് ഒരു വിലയും കല്‍പ്പിക്കാതെ സത്യപ്രതിജ്ഞ ആര്‍ഭാടത്തോടെ നടത്തുന്നതും, മറ്റ് ഏകപക്ഷീയ തീരുമാനങ്ങളും കണ്ട് ഈ സര്‍ക്കാരിന് വോട്ട് ചെയ്ത നിഷ്പക്ഷ ജനങ്ങള്‍ ഇന്ന് അന്ധാളിപ്പിലാണ്. ഒന്നോര്‍ക്കുക, ഈ കാപട്യങ്ങളുടെ, കളവുകളുടെ ശില്പികളാണിന്ന് കേരളം ഭരിക്കുന്നത്. ജാഗ്രത്തായത് കൊണ്ട് മാത്രം കാര്യമില്ല. കൊറോണയേക്കാള്‍ നമുക്കിടയില്‍ അപകടം വിതയ്ക്കാന്‍ ശേഷിയുള്ളവരാണ് ഇക്കൂട്ടര്‍! ഇതെല്ലാം കയ്യോടെ പിടിച്ചാലും ന്യായീകരണം കൊണ്ട് വലിയ പട തന്നെയെത്തുമെന്നും ഡോ. സരിന് വിമര്‍ശിച്ചു.

ഡോ. സരിന്റെ പ്രതികരണം
മന്ത്രിയാരായാലും പി ആര് നന്നായാല്‍ മതി!
“മുന്‍കാല കോണ്‍ഗ്രസ്സ് നേതാവും, ദേവസ്വം മന്ത്രിയുമായിരുന്ന ശ്രീ കെ കെ ബാലകൃഷ്ണന്റെ പേരിലുള്ള വിക്കിപീഡിയ പേജ് ഇന്ന് രാവിലെ തിടുക്കത്തില്‍ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു! ദളിതനായ ദേവസ്വം മന്ത്രിയും കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവുമായ അദ്ദേഹത്തിന്റെ പേജ് നിമിഷാ പ്രസാദ് എന്നും അസീദ് കരീം എന്നും പേരുള്ള രണ്ടു വിക്കിപ്പീഡിയ അക്കൗണ്ടുകള്‍ എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു. ഈ ആവശ്യത്തിനായി ഉണ്ടാക്കിയ രണ്ട് ഫേക്ക് അക്കൗണ്ടുകളാണിവ എന്നതും വ്യക്തം. അതല്ലാത്ത കുറച്ച് എഡിറ്റുകളും ഈ ദിവസം തിരക്കിട്ട് നടത്താന്‍ ശ്രമിച്ചിരിക്കുന്നു!
മാറ്റിയത് അദ്ദേഹം ദേവസ്വം മന്ത്രിയായിരുന്നു എന്ന ഒരൊറ്റ കാര്യം മാത്രം! അല്പസമയത്തിന് ശേഷം ചേലക്കര എംഎല്‍എ ശ്രീ കെ രാധാകൃഷ്ണന് ദേവസ്വം മന്ത്രിയാവും എന്ന പ്രഖ്യാപനം വരുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ അദ്ദേഹം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ ദളിത് മന്ത്രി എന്ന നിലയിലുള്ള പ്രചാരണം കൊടുമ്പിരി കൊള്ളുന്നു.
ശ്രീ കെ കെ ബാലകൃഷ്ണനും മുന്നേ തൃത്താല എംഎല്‍എ കൂടെയായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് വെള്ള ഈച്ചരന്‍ ആയിരുന്നു കേരളത്തിന്റെ ആദ്യ ദേവസ്വം മന്ത്രി എന്നത് വേറെ കാര്യം. അദ്ദേഹത്തിന് ഒരു വിക്കിപീഡിയ പേജ് പോലുമില്ലാത്തത് കൊണ്ട് അത് പോയി തിരുത്തിയിട്ടില്ല! എന്തായാലും ശ്രീ കെ കെ ബാലാകൃഷ്ണന്റെ പേജ് പൂര്‍വ്വസ്ഥിതിയിലേക്ക് ആക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാലും നമ്മള് ചിന്തിക്കേണ്ടതുണ്ട്.
ചരിത്രം പോലും തിരുത്തിക്കുറിച്ചുകൊണ്ട് ഇങ്ങനെ പ്ലാന്‍ ചെയ്ത് സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ നടത്തുന്നത് സിപിഐഎമ്മിന്റെ സാധാരണ പ്രവര്‍ത്തകരാണ് എന്ന് വിശ്വസിക്കുക പ്രയാസം. ഇതിന് പിന്നില്‍ വലിയൊരു ടീം പ്രവര്‍ത്തിക്കുന്നില്ല എന്ന് വിശ്വസിക്കുക പ്രയാസം. അവരാണ് ഇനിയങ്ങോട്ട് മലയാളി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും നിശ്ചയിക്കാന്‍ പോകുന്നത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല! മുന്‍പ് റാംനാഥ് കോവിന്ദ് പ്രസിഡണ്ട് ആയപ്പോള്‍ ദളിതനായ ആദ്യത്തെ പ്രസിഡണ്ട് അദ്ദേഹമാണ് എന്ന രീതിയില്‍ ആയിരുന്നു ബിജെപിയുടെ കാടിളക്കിയുള്ള പ്രചാരണം. സത്യത്തില്‍ അത് കോണ്‍ഗ്രസ്സുകാരനായ ഡോ. കെ ആര് നാരായണന് ആയിരുന്നു എന്നത് ഡിജിറ്റലായി മായ്ച്ചു കളയാന്‍ ഉള്ള വ്യഗ്രത. ചരിത്രത്തെ അപ്പാടെ തമസ്കരിച്ചു കൊണ്ട് പീ.ആര് കാമ്പയിനുകള്‍ മാത്രം വഴി ജനത്തെ കബളിപ്പിക്കുന്ന ഈ രാഷ്ട്രീയ അശ്ലീലം തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും നാം കണ്ടത്.
ജനവികാരത്തിന് ഒരു വിലയും കല്‍പ്പിക്കാതെ സത്യപ്രതിജ്ഞ ആര്‍ഭാടത്തോടെ നടത്തുന്നതും, മറ്റ് ഏകപക്ഷീയ തീരുമാനങ്ങളും കണ്ട് ഈ സര്‍ക്കാരിന് വോട്ട് ചെയ്ത നിഷ്പക്ഷ ജനങ്ങള്‍ ഇന്ന് അന്ധാളിപ്പിലാണ്. ഒന്നോര്‍ക്കുക, ഈ കാപട്യങ്ങളുടെ, കളവുകളുടെ ശില്പികളാണിന്ന് കേരളം ഭരിക്കുന്നത്. ജാഗ്രത്തായത് കൊണ്ട് മാത്രം കാര്യമില്ല. കൊറോണയേക്കാള്‍ നമുക്കിടയില്‍ അപകടം വിതയ്ക്കാന്‍ ശേഷിയുള്ളവരാണ് ഇക്കൂട്ടര്‍! ഇതെല്ലാം കയ്യോടെ പിടിച്ചാലും ന്യായീകരണം കൊണ്ട് വലിയ പട തന്നെയെത്തും എന്നറിയാം.
ചിന്തിച്ചു വിലയിരുത്തുക!
വിവേകപൂര്‍വ്വം,
ഡോ. പി. സരിന്”