അമ്മയ്ക്കൊപ്പമെന്നാണ് നയമെന്ന് വിജയരാഘവന്‍, ആറുമാസം മുമ്പോ എന്ന ചോദ്യത്തിന് മറുപടിയില്ല; രണ്ട് തവണ പരാതി നല്‍കിയെന്ന് അനുപമ

ന്യൂഡല്‍ഹി: കുഞ്ഞിനെ തിരികെ കിട്ടാനുള്ള അനുപമയുടെ പോരാട്ടത്തിന് പിന്തുണയെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘന്‍. കുഞ്ഞിനെ ലഭിക്കുക എന്നത് അമ്മയുടെ അവകാശമാണ്. അമ്മയ്‌ക്കൊപ്പം എന്നതാണ് പാര്‍ട്ടി നയമെന്നും വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ മുമ്പില്‍ ആറുമാസം മുമ്പ് വന്ന പരാതിയില്‍ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഡല്‍ഹിയില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് വിജയരാഘവന്‍.

‘പ്രയാസം നേരിടുന്ന പെണ്‍കുട്ടിക്ക് നിയമപരമായ എല്ലാ സഹായങ്ങളും നല്‍കേണ്ടതുണ്ട്. ബന്ധപ്പെട്ട മന്ത്രി അവരോട് സംസാരിച്ചിട്ടുണ്ട്. കുഞ്ഞിനെ അമ്മയ്ക്ക് കിട്ടുക എന്നത് അവരുടെ അവകാശമാണ്. അവര്‍ക്ക് അനുയോജ്യമായ നീതി ലഭിക്കേണ്ടതുണ്ട്. അത് പാര്‍ട്ടി എന്ന നിലയില്‍ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല. നിയമപരമായി പരിഹരിക്കേണ്ട കാര്യമാണ്. ഒരുതരം തെറ്റിനെയും സിപിഐഎം പിന്താങ്ങില്ല. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കാന്‍ നിയമപരമായ സഹായങ്ങള്‍ നല്‍കുകയാണ് വേണ്ടത്’, വിജയരാഘവന്‍ വ്യക്തമാക്കി.

ഇത്തരം വിഷയങ്ങളില്‍ അതത് ജില്ലാ കമ്മിറ്റിയാണ് കാര്യങ്ങള്‍ അന്വേഷിക്കുക. ഇവിടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അവരുടെ ശ്രദ്ധയില്‍ വന്നപ്പോള്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ഇതില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തേണ്ടതില്ല. ഇതില്‍ പാര്‍ട്ടി അമ്മയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആറുമാസം മുമ്പ് പാര്‍ട്ടിയുടെ മുമ്പില്‍ പരാതി ലഭിച്ചതല്ലേ എന്ന ചോദ്യത്തോട്, ‘ഇനി പ്രതികരിക്കാനില്ല’ എന്നുപറഞ്ഞ് പിന്‍വാങ്ങുകയായിരുന്നു വിജയരാഘവന്‍.

എന്നാല്‍ താന്‍ പരാതിയുമായി എ.കെ.ജി സെന്ററില്‍ പോയി വിജയരാഘവനെ കണ്ടിരുന്നെന്നാണ് അനുപമ വ്യക്തമാക്കിയിരിക്കുന്നത്. ‘രണ്ട് തവണ വിജയരാഘവന് പരാതി നല്‍കി. വിജയരാഘവനെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. വിശദമായി സംസാരിച്ചിരുന്നില്ല. പാര്‍ട്ടിക്ക് ഇനി തന്നെ സഹായിക്കാന്‍ പറ്റുമോ എന്നകാര്യം അറിയില്ല. അവര്‍ക്ക് പറ്റുമായിരുന്ന സമയത്ത് ചെയ്തില്ല. കുഞ്ഞിന്റെ കാര്യത്തില്‍ കോടതിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ’, അനുപമ പറഞ്ഞു.

തന്റെ കുഞ്ഞിനെ തിരികെക്കിട്ടണം എന്ന ആവശ്യമുന്നയിച്ച് സെക്രട്ടറിയേറ്റിന് മുമ്പില്‍ നിരാഹരാ സമരം ആരംഭിച്ചിരിക്കുകയാണ് അനുപമ. രാവിലെ പത്തുമണിക്ക് ആരംഭിച്ച നിരാഹാരം വൈകീട്ട് ആറുമണിവരെ തുടരുമെന്ന് അനുപമ അറിയിച്ചു. ‘നീതികേടെന്ന നയം പാര്‍ട്ടിക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇത് വ്യക്തിപരമായ കാര്യമായിട്ടായിരിക്കാം അവര്‍ കാണുന്നത്. വേറെ ഒരു അമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുത്. എനിക്ക് നീതി ലഭിക്കണം’, അനുപമ വ്യക്തമാക്കി.