ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഐഎം; ‘ജനങ്ങളെ സാഹചര്യം ബോധ്യപ്പെടുത്താം’

തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ചതിനേക്കാള്‍ അധിക ഇളവ് സംസ്ഥാനത്തെ ഇന്ധന നികുതിയില്‍ വരുത്തേണ്ടതില്ലെന്ന് സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയടക്കമുള്ള കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ പാര്‍ട്ടി ചുമതലപ്പെടുത്തിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രം നികുതിയിളവ് പ്രഖ്യാപിച്ചെന്ന സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാനം അധിക ഇളവ് വരുത്തേണ്ടതില്ലെന്ന രാഷ്ട്രീയ തീരുമാനമാണ് സിപിഐഎം കൈക്കൊള്ളുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ല എന്നതും പെട്രോളിന് 30.08, ഡീസലിന് 22.7 രൂപയുമാണ ആണ് ഈ വര്‍ഷങ്ങളില്‍ തുടരുന്ന നികുതി എന്നതും ജനങ്ങളെ ബോധ്യപ്പെടുത്താമെന്ന പ്രതീക്ഷയാണ് സിപിഐഎമ്മിനുള്ളതെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രം നികുതി കുറച്ചാല്‍ തങ്ങളും നികുതിയിനത്തില്‍ കുറവ് വരുത്തുമെന്നായിരുന്നു സംസ്ഥാനങ്ങള്‍ നേരത്തെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചിരുന്നത്. എന്നാല്‍, കേന്ദ്രം പ്രഖ്യാപിച്ചിട്ടും അധിക നികുതിയിളവ് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് നേരത്തെ ധനമന്ത്രി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അറിയിച്ചത്. നികുതി ഘടന സംബന്ധിച്ച സാങ്കേതികത്വങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ധനകാര്യ വകുപ്പ് നിലപാടെടുത്തിരിക്കുന്നത്. ‘സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിന് പരിമിതികളുണ്ട്. കേന്ദ്രം വിലകുറച്ചതിന് ആനുപാതികമായി സംസ്ഥാനം വില കുറച്ചിട്ടുണ്ട്. കേന്ദ്രം പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ വീതം കുറച്ചപ്പോള്‍ സംസ്ഥാനത്ത് യഥാക്രമം 2.50, 1.60 രൂപയുടെ കുറവ് വന്നിട്ടുണ്ട്’, ധനമന്ത്രി വിശദീകരിച്ചതിങ്ങനെ. നേരത്തെ കൂട്ടിയിരുന്ന നികുതിയാണ് മറ്റ് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ കുറയ്ക്കുന്നത്. ഇന്ധന നികുതിയില്‍നിന്നുള്ള വരുമാനത്തില്‍നിന്നാണ് സംസ്ഥാനം പെന്‍ഷനും ശമ്പളവുമടക്കം നല്‍കുന്നത്. കൊവിഡിന്റെയടക്കം വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read: ‘ഇത് ടാക്‌സ് ടെററിസം’; സാധാരണക്കാര്‍ക്ക് ഇന്ധന സബ്‌സിഡി അനുവദിച്ചേ പറ്റൂ എന്ന് വി.ഡി സതീശന്‍

നികുതി കുറയ്ക്കുകയോ സബ്‌സിഡി അനുവദിക്കുകയോ ചെയ്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരത്തിലേക്ക് നീങ്ങുമെന്നാണ് കോണ്‍ഗ്രസും യുഡിഎഫും അറിയിച്ചിരിക്കുന്ന്.

ബിജെപി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് പുറമേ നികുതിയിനത്തില്‍ അധിക ഇളവ് അനുവദിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പി, ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങി കര്‍ണാടക, അസം, ത്രിപുര, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിനും ഡീസലിനും അധികമായി മൂല്യവര്‍ധിത നികുതി കുറച്ചത്.

ദീപാവലി സമ്മാനമെന്ന് വിശേഷിപ്പിച്ചാണ് ദിനംപ്രതി മാസങ്ങളോളം വര്‍ധിപ്പിച്ചുകൊണ്ടിരുന്ന ഇന്ധന വിലയില്‍ ഇളവ് അനുവദിക്കുന്നതായി ബുധനാഴ്ച വൈകീട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്തുരൂപയും കുറച്ചായിരുന്നു പ്രഖ്യാപനം. ഇന്ധന വില ക്രമാതീതമായി ഉയരുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്.